കോഴിക്കോട്: വാട്സ് ആപ്, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നാണ് മുന്നറിയിപ്പ്. “നവമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചു ധാരാളം പരാതികളാണിപ്പോള്‍ ഉയരുന്നത്.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും (ഐഡന്റിറ്റി തെഫ്റ്റ്) അധിക്ഷേപിക്കുന്നതും വഞ്ചിക്കപ്പെടുന്നതുമായ നിരവധി സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഒരുപരിധിവരെ ഇത്തരം പ്രശ്നങ്ങള്‍ തടയാനാകും’’ – പോലീസ് പറയുന്നു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:
* ഫേസ്ബുക്കില്‍ നിങ്ങളുടെ പ്രൊഫൈലും പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തില്‍ പ്രൈവസി സെറ്റിംഗ്സ് ഉപയോഗിച്ച് ക്രമീകരിക്കാം. അങ്ങനെ അപരിചിതരെയും ശല്യക്കാരെയും ഒഴിവാണം.
* ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ, പരിചയമുള്ളവരുടേത് മാത്രം സ്വീകരിക്കുക. അപരിചിതരുമായി യാതൊരു കാരണവശാലും ചാറ്റിംഗിൽ ഏർപ്പെടരുത്.
* എവിടെയെങ്കിലും യാത്ര പോകാൻ ഉദ്ദേശിക്കുണ്ടെങ്കിൽ ആ വിവരങ്ങള്‍, അന്നന്നത്തെ പ്ലാനുകൾ തുടങ്ങിയവ സ്റ്റാറ്റസ് മുഖേന പരസ്യപ്പെടുത്താതിരിക്കുക. നമ്മുടെ പ്രൊഫൈലുകൾ നിരീക്ഷിക്കുന്നവർ ആരൊക്കെയെന്നും അവർ എവിടെയൊക്കെയുണ്ടെന്നും നമുക്കറിയില്ല.
* പാസ്വേഡ് ഇടയ്ക്കിടെ മാറ്റുക. പേര്, ജനനത്തീയതി, അടുത്ത സുഹൃത്തിന്റെ പേര് തുടങ്ങിയവ പാസ്വേഡ് ആയി ഉപായോഗിക്കാതിരിക്കാന് ശ്രദ്ധിക്കുക. ഓര്‍ക്കുക, നമ്മുടെ വീടിന്റെ താക്കോൽ പോലെയാണ് നമ്മുടെ പാസ്വേര്ഡും. സുരക്ഷക്കായി പാസ് വേഡിനു പുറമേ വ്യക്തിക്കു മാത്രമായി നൽകപ്പെടുന്ന ഒരു രഹസ്യ പാസ്കോഡ് നമ്പർ കൂടി ഉൾപ്പെടുത്തുന്ന സംവിധാനം (Two factor/multifactor authentication) ഉപയോഗിക്കുക.
* ഫേസ്ബുക്കിലുള്ള ഒട്ടേറെ പ്രൊഫൈലുകൾ വ്യാജമാണെന്നത് മനസിലാക്കുക. ശരിയായ വിവരങ്ങള്‍ മറച്ചുവച്ച ശേഷം കുറ്റകൃത്യങ്ങള്‍ ലാക്കാക്കി സൃഷ്ടിക്കപ്പെടുന്ന ഇത്തരം പ്രൊഫൈലുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യാനും നിങ്ങളുടെ സുഹൃത്തുക്കള്‍ എന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് തെറ്റായ സന്ദേശങ്ങളും മറ്റും ഇക്കൂട്ടര്‍ കൈമാറും. മറ്റൊരാള്‍ നമ്മുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഫേസ്ബുക്ക് കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്യണം.
* ഇമെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, വീട് അഡ്രസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നുംതന്നെ നിങ്ങളുടെ പ്രൊഫൈൽവഴി പരസ്യപ്പെടുത്തരുത്. ചാറ്റിംഗ് നടത്തുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾ കഴിവതും ഒഴിവാക്കി പൊതുവായ വിശേഷങ്ങള്‍ ചർച്ചചെയ്യുക.
* ചാറ്റ്റൂമില്‍ നിങ്ങളുടെ ഫോട്ടോകളോ വിഡിയോകളോ കൈമാറരുത്. പിന്നീട് നിങ്ങളുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്താല്‍പോലും കൈമാറിയ, നിങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്തേക്കാം.
* ബാങ്ക് അക്കൗണ്ട് പോലുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ട്സ് ഒരിക്കലും പബ്ലിക് വൈ ഫൈ മുഖേനെ ഉപയോഗിക്കാതിരിക്കുക. ആധികാരികമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ടൂള്‍സ് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.