നടൻ ദിലീപിനോട് തനിക്ക് ബഹുമാനമാണ് ഉള്ളതെന്ന് നടി നവ്യ നായർ. ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായാണ് നവ്യ സിനിമാ ലോകത്തേക്ക് എത്തുന്നത്. ഇഷ്ടം സിനിമയുടെ ലൊക്കേഷനിലുണ്ടായ ഒരു അനുഭവം നവ്യ നായർ അടുത്തിടെ ഒരു സ്വകാര്യ മാസികയ്ക്കുവേണ്ടി പങ്കുവച്ചു.
ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനിൽ ഒരു സംഭവമുണ്ടായി.
അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടൻ എന്റെ തോളത്ത് കൈവച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് പുറത്തുള്ളൊരാൾ എന്നെ തൊടുന്നത്. നാട്ടിൻപുറത്തൊക്കെ വളർന്ന ആ പ്രായത്തിലുള്ള ഒരു പെണ്കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യൻ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു.
ദിലീപേട്ടൻ പറഞ്ഞു, മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങൾ ഒന്നും ചെയ്യില്ല. നമ്മൾ എല്ലാവരും ഇനി ഒന്നായിട്ട് വർക്ക് ചെയ്യാൻ പോവുകയാണ്. ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല-നവ്യ പറയുന്നു.
ഇഷ്ടത്തിന് വേണ്ടി സംവിധായകൻ സിബി മലയിൽ എന്റെ ഫോട്ടോ കണ്ട് സ്ക്രീൻ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. ഞാൻ അവതരിപ്പിച്ച മോണോ ആക്ട് അവർ വീഡിയോയിലെടുത്തു. പിന്നീട് അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്ട് ചെയ്തതെന്നും നവ്യ പറഞ്ഞു.