ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ രോഗികൾക്കായുള്ള ചികിത്സാ ഫണ്ട് കോളജ് അധികൃതരുടെ അനുമതി വാങ്ങാതെ വകമാറ്റി ചെലവഴിച്ചത് വിവാദമായി. അനുമതി വാങ്ങാതെ ചെലവഴിച്ചതിനാൽ അംഗീകാരം നല്കാനാവില്ലെന്ന നിലപാടിൽ പ്രിൻസിപ്പൽ ഓഫീസ് ഉടക്കി നിൽക്കുകയാണ്.
ചെലവഴിച്ച ഫണ്ടിന് അംഗീകാരം ലഭിക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കുട്ടികളുടെ ആശുപത്രി അധികൃതർ. കുട്ടികളുടെ ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പുതിയ വിഭാഗം ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
എട്ടര ലക്ഷം രൂപ ഇതിന്റെ പ്രാരംഭ പ്രവർത്തനത്തിനായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പണം ഈ വിഭാഗത്തിലേക്ക് പുതുതായി നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാർക്ക് ശന്പളം നൽകുന്നതിനു വിനിയോഗിച്ച ശേഷം രണ്ട് ലക്ഷത്തോളം രൂപ ചികിത്സാഫണ്ടിൽനിന്നും വകമാറ്റിയാണ് ഒപിയിലും, അനുവദിക്കപ്പെട്ട വാർഡിലും, കസേരകളും കട്ടിലുകളും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങിയത്.
ഇത് വാങ്ങാൻ ചികിത്സാ ഫണ്ട് വകമാറ്റി ചെലവഴിച്ചത് പ്രിൻസിപ്പൽ ഓഫീസിന്റെ അനുമതി വാങ്ങാതെയായിരുന്നു. പുതിയ വിഭാഗം പ്രവർത്തനം ആരംഭിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിരിക്കേ ചികിത്സാ ഫണ്ട് ദുർവിനിയോഗം ചെയ്തത് അംഗീകരിക്കുവാൻ കഴിയില്ലെന്ന് കോളജ് പ്രിൻസിപ്പൽ ഓഫീസ് ഐസിഎച്ച് അധികൃതരെ അറിയിച്ചിട്ടുണ്ട്.