പത്തനംതിട്ട: കായികപ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ആധുനിക രീതിയിലുള്ള സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. ഇതിനായി 15.1 കോടി രൂപ ചെലവഴിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ നിലമൊരുക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. മണ്ണിട്ട് നിരപ്പാക്കിയ ഭാഗങ്ങളില്‍ പുല്ലുപിടിപ്പിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. ശേഷം ട്രാക്കുകളുടെ നിര്‍മാണ ജോലികള്‍ നടക്കും. പോലീസ് സ്റ്റേഷനു സമീപത്തായി വാഹനങ്ങളുടെ പാര്‍ക്കിംഗ് സംവിധാനത്തോടെയുള്ള ഓഫീസ് കെട്ടിടത്തിന്റെ പണിയും ഉടന്‍ ആരംഭിക്കും.
രണ്ടാം ഘട്ടത്തില്‍ ഫുട്ബോള്‍ , ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍ മൈതാനങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ശുചിമുറികള്‍, ഭക്ഷണശാല, അഡ്മിനിസസ്ട്രേറ്റീവ് ബ്ലോക്ക്, സെക്യൂരിറ്റി മുറികള്‍, പ്രഭാത സവാരിക്ക് നടപ്പാത, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് നിര്‍മിക്കുക.
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന് സമീപമുള്ള അഞ്ച് ഏക്കര്‍ സ്ഥലത്താണ് നൂതന സംവിധാനങ്ങളുമായി സ്റ്റേഡിയം നിര്‍മിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലയില്‍ ആധുനിക സൗകര്യങ്ങളുമായി പുതിയൊരു സ്റ്റേഡിയം ഉയര്‍ന്ന് വരുന്നതോടെ സ്കൂള്‍ കോളജ് കായിക വിദ്യാർഥികള്‍ക്ക് പരിശീലനത്തിന് വേണ്ടി ബുദ്ധിമുട്ടേണ്ടി വരില്ല. സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ പുതിയ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ള കായിക പ്രേമികള്‍.