കൊച്ചി: ശക്തമായ പരിശോധനകളിലൂടെയും നടപടികളിലൂടെയും തടയാനായ സുനാമി ഇറച്ചിയുടെ വരവു ജില്ലയിൽ വർധിക്കുന്നത് ആശങ്ക പരത്തുന്നു. ക്രിസ്മസ്, പുതുവൽസര വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന 250 കിലോ പഴകിയ സൂനാമി ഇറച്ചി കഴിഞ്ഞദിവസം പിടികൂടിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഹോട്ടലുകളിലും തട്ടുകടകളിലേക്കും വിതരണത്തിനെത്തിച്ച ഇറച്ചിയായിരുന്നു ഇത്. കോർപറേഷന്റെയും ഭക്ഷ്യ, ആരോഗ്യവകുപ്പുകളുടെയും പതിവായുള്ള പരിശോധനകൾ കുറഞ്ഞതാണു സുനാമി ഇറച്ചികളുടെ വരവ് കൂടാൻ ഇടയാകുന്നത്.
വിധ സർക്കാർ സംവിധാനങ്ങളുടെയും കൊച്ചി കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ശക്തമായ നടപടികളെ തുടർന്നു മൂന്നു വർഷം മുൻപു സുനിമി ഇറച്ചിയെ പിടിച്ചുകെട്ടാനായതാണ്. പരിശോധനങ്ങൾ കുറഞ്ഞതോടെയും നടപടികൾക്ക് അയവു വന്നതോടെയും ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം നിലവാരം കുറഞ്ഞ ഇറച്ചികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിത്തുടങ്ങി.
ഹോട്ടൽ, ചെറുഭക്ഷണ ശാലകൾ, തട്ടുകടകൾ, ബോർമെ, സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ളവ ലക്ഷ്യമിട്ടാണ് ഇത്തരം ഇറച്ചികൾ എത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതാണു സുനാമി ഇറച്ചികളുടെ ദോഷം. വൻകിട കശാപ്പ് ശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങളാണു സുനാമി ഇറച്ചിയെന്ന പേരിൽ കേരളത്തിലെത്തുന്നത്. ഇറച്ചിയുടെ പ്രധാന ഭാഗങ്ങൾ കയറ്റുമതി ചെയ്ത ശേഷം ബാക്കിയാകുന്ന കരൾ, ഹൃദയം, നാവ്, തൊലി, എല്ല് തുടങ്ങിയവയൊക്കെ വെട്ടി നിറുക്കിയും പ്രത്യേകമായി സംസ്കരിച്ചുമാണു സുനാമി ഇറച്ചി എന്ന പേരിൽ ഇവിടെ എത്തിക്കുന്നത്.
ഹോട്ടലുകളിലും തട്ടുകടകളിലും മസാല കുടുതലായി ചേർത്ത് പൊരിച്ചും വറത്തുമൊക്കെ എടുത്താൽ സാധാരണ ഇറച്ചിപോലെ തോന്നിക്കും. ആളുകൾ ഇതറിയാതെ രുചിയോടെ വാങ്ങി കഴിക്കുകയും ചെയ്യും. നല്ല ഇറച്ചിയെ അപേക്ഷിച്ചു സുനാമി ഇറച്ചികൾക്കു വില വളരെ കുറവാണ്. പരിശോധനകൾ കുറഞ്ഞതാണു നിയന്ത്രണമില്ലാതെ സുനാമി ഇറച്ചികളുടെ വരവ് ഇത്രകണ്ട് വർധിക്കാൻ കാരണം.
നഗരസഭ പരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ പരിശോധന നടത്താൻ അധികാരമില്ലെന്നു പറഞ്ഞു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ തടിയൂരുന്പോൾ ഭക്ഷസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സാങ്കേതിക കാര്യങ്ങളും പരിമിതികളും ചൂണ്ടിക്കാട്ടി പരിശോധനകളിൽ നിന്ന് പിൻവലിയുകയാണ്. ചന്പക്കര മാർക്കറ്റ് കേന്ദ്രീകരിച്ച് ഒരു കാലത്ത് സുനാമി ഇറച്ചി വ്യാപകമായപ്പോൾ നഗരസഭയും ആരോഗ്യ വകുപ്പും ഭക്ഷ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനകളുടെയും നടപടികളുടെയും ഫലമായി ഇത്തരം ഇറച്ചി വിൽപ്പന ഒരുപരിധിവരെ ഇല്ലാതാക്കാനായിരുന്നു.
പിന്നീടിത് നിർത്തലായതോടെ നല്ല ഇറച്ചിയെന്ന പേരിൽ ഭക്ഷണ വില്പന കേന്ദ്രങ്ങളിൽ ഇത്തരം ഇറച്ചികൾ വ്യാപകമായി വിളന്പാൻ തുടങ്ങി. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിനു സമീപം കുടിലിമുക്കിലെ വാടകവീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയ സുനാമി ഇറച്ചി നശിപ്പിക്കുന്ന കാര്യത്തിലും ഇത്തരം സാങ്കേതിക തടസം ഉണ്ടായിരിക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയ ഇറച്ചിയായതിനാൽ തങ്ങൾക്കു നശിപ്പിച്ച് കളയാനാകില്ലെന്നു നഗരസഭ പറയുന്പോൾ ഇറച്ചി എത്തിച്ചവരോട്തന്നെ നശിപ്പിച്ചു കളയാൻ നിർദേശം കൊടുത്തതായാണു ഭക്ഷ്യവകുപ്പും പറയുന്നത്. ഇരുവിഭാഗങ്ങളും തർക്കം തുടരുന്നതോടെ ഇറച്ചി ചീഞ്ഞളിഞ്ഞ് പരിസരത്തു ദുർഗന്ധം രൂക്ഷമായിരിക്കുകയാണ്. ഒരു കിലോഗ്രാം ഇറച്ചി വീതമുള്ള 150 പായ്ക്കറ്റുകളായാണ് 150 കിലോഗ്രാം ഇറച്ചി കാക്കനാട് എത്തിച്ചത്.
പരിസരത്തു രൂക്ഷ ദുർഗന്ധം വമിച്ചപ്പോൾ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇറച്ചി എത്തിച്ചതെന്ന് ഉദ്യോഗസ്ഥർക്കു കിട്ടിയ വിവരം. പ്രധാന വിതരണക്കാരനെ കണ്ടെത്താനായില്ല. ഇയാൾ ചെന്നൈയിലാണത്രെ. ഉദ്യോഗസ്ഥരെത്തുന്പോൾ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.
ലൈസൻസ് ഇല്ലാതെയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്.മൊത്ത വിതരണക്കാർക്കു സുനാമി ഇറച്ചി എത്തിച്ചു കൊടുക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവർ ഇതിനു പിന്നിലുണ്ടെന്നാണു സംശയം. സൂപ്പർ മാർക്കറ്റുകളിലേക്കു നൽകാനുള്ള ഇറച്ചിയാണ് പായ്ക്ക് ചെയ്തു വച്ചിരുന്നത്. അവശേഷിക്കുന്ന ഇറച്ചി ക്രിസ്മസ് കഴിഞ്ഞു വിപണിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രത്യേകതരം രാസവസ്തു പ്രയോഗിച്ചു ദുർഗന്ധം ഇല്ലാതാക്കിയാണ് വില്പന.