ഗുരുവായൂർ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ചിദംബരം വിനായപുരം വെങ്കിടേഷ് (50) ആണ് ചൊവ്വല്ലൂർപടി സഹിൻഷ മരകന്പനിക്കുസമീപം നിർമാണത്തിലിരിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ ഇന്നലെ രാത്രി 10.30 വരെ മരമുറിയുമായി ബന്ധപ്പെട്ട പണി എടുക്കുന്നുണ്ടായിരുന്നു. പത്തരയ്ക്കുശേഷമാണ് ഇയാൾ കിടക്കാനായി മരകന്പനിക്കുസമീപമുള്ള വീട്ടിലേക്കു പോയത്. രാവിലെ പണിക്കുപോകേണ്ട സമയമായിട്ടും ആളെ കാണാതായതിനെ തുടർന്ന് കൂടെയുള്ളവർ അന്വേഷിച്ചപ്പോഴാണ് ഇയാൾ വീടിനുതാഴത്തെ ചെറിയ മുറിയിൽ മരിച്ച നിലയിൽ കണ്ടത്.
രാത്രിയിൽ ടെറസിന്റെ മുകളിലാണ് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രിയിൽ അബ്ദത്തിൽ താഴെ വീണതാകാമെന്ന് സംശയിക്കുന്നു. തലയ്ക്കു ഗുരതര പരിക്കുണ്ട്. 30 വർഷത്തോളമായി ചൊവ്വല്ലൂർപടി മേഖലയിൽ കൂലപ്പണിയെടുത്ത് ജീവിക്കുകയാണ് ഇയാൾ.
മകളുടെ വിവാഹത്തിനു നാട്ടിൽ പോയി ഒരുമാസം മുന്പാണ് ഇയാൾ തിരിച്ചെത്തിയത്. ഗുരുവായൂർ എസിപി പി.എ. ശിവദാസൻ, കെ.എ. ഫക്രുദീൻ, കെ.ആർ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, വിരലയടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.