അടിച്ചെടുത്ത സ്വര്‍ണം പണയം വെച്ചത് 30ലധികം ധനകാര്യ സ്ഥാപനങ്ങളിലായി !കള്ളത്തരം വെളിയില്‍ വന്നതോടെ തെളിവുകള്‍ എല്ലാം നശിപ്പിച്ചു; സിസ്‌മോളിന്റെയും ഭര്‍ത്താവിന്റെയും അടിപൊളി ജീവിതത്തിന് ബ്രേക്ക് വീണത് ഇങ്ങനെ…

ആലുവാ യൂണിയന്‍ ബാങ്കില്‍ മുക്കുപണ്ടം വച്ച ശേഷം രണ്ടരക്കോടിയുടെ സ്വര്‍ണവുമായി മുങ്ങിയ അസിസ്റ്റന്റ് ബാങ്ക് മാനേജര്‍ സിസ്മോളും ഭര്‍ത്താവും പിടിയിലായതിന് പിന്നാലെ മോഷണം പോയ സ്വര്‍ണം മുഴുവനും പോലീസ് കണ്ടെടുത്തു. തൊണ്ടിമുതല്‍ കിട്ടാതിരിക്കാന്‍ സിസ്‌മോളും ഭര്‍ത്താവും തെളിവുകള്‍ എല്ലാം നശിപ്പിച്ചിരുന്നെങ്കിലും അതി വിദഗ്ധമായി മോഷണമുതല്‍ മുഴുവന്‍ ആലുവ പോലീസ് കണ്ടെടുക്കുകയായിരുന്നു. എട്ടുകിലോ സ്വര്‍ണമാണ് സിസ്‌മോള്‍(34) തട്ടിയെടുത്തത്.

2.30 കോടി രൂപ വിലവരുന്ന 8852 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായിട്ടാണ് ബാങ്ക് അധികൃതര്‍ ആലുവ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടുതവണയായി 14 ദിവസത്തേക്ക് കോടതി സിസ്‌മോളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈയവസരത്തില്‍ ആലുവ സി ഐ വിശാല്‍ ജോണ്‍സണ്‍ എസ് ഐ എംഎസ് ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പിലാണ് എറണാകുളം ,തൃശ്ശൂര്‍ ജില്ല കളിലെ ബാങ്കുകളിലും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലും പണയപ്പെടുത്തിയിരുന്ന ആഭരണങ്ങള്‍ കണ്ടെടുത്തത്. സിസ് മോളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും ആന്വേഷണത്തിന് ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മോഷ്ടിച്ചെടുത്ത ആഭരണം തൃശ്ശൂര്‍,എറണാകുളം ജില്ലകളിലെ ധനകാര്യ സ്ഥാപനങ്ങളിലാണ് പണയപ്പെടുത്തിയിരുന്നത്. ഓരോ സ്ഥലങ്ങളില്‍ നിന്നും പണയം വച്ച് വാങ്ങിയ തുകകള്‍ രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കേസ്സില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഇവര്‍ നശിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് സ്വര്‍ണം വീണ്ടെടുത്തത്. ഒന്നേമുക്കാല്‍ കോടി രൂപയോളം ഇവര്‍ സ്വര്‍ണം പണയപ്പെടുത്തി കൈവശപ്പെടുത്തിയിരുന്നെന്നും ഇത് ഇവരുടെ ഭര്‍ത്താവ് ഷെയര്‍ ബിനസ്സ് നടത്തിപ്പിനായി വിനിയോഗിക്കുകയായിരുന്നെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

ഭര്‍ത്താവ് കളമശേരി സജി നിവാസില്‍ സജിത്തിനെയും(35) ഈ കേസ്സില്‍ പൊലീസ് അറസ്റ്റ്ുചെയ്തിരുന്നു.ഇയാള്‍ റിമാന്റിലാണ്.പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നാട്ടില്‍ നിന്നും മുങ്ങിയ ദമ്പതികള്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 128 കവറുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് ഒന്നര വര്‍ഷത്തിനിടയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജറായ സിസ്‌മോള്‍ക്കായിരുന്നു ബാങ്കില്‍ സ്വര്‍ണപണയ വിഭാഗത്തിന്റെ ചുമതല.

ഈ അവസരം മുതലെടുത്ത് സ്വര്‍ണം മുഴുവനും അടിച്ചു മാറ്റുക ആയിരുന്നു. ലോക്കറില്‍ പകരമായി വച്ചത് മുക്കുപണ്ടവും കുപ്പിവളകളുമായിരുന്നു. ഓഹരി വിപണി ഇടപാടുകാരനായ ഭര്‍ത്താവിന്റെ പ്രേരണയിലാണ് സ്വര്‍ണം കവര്‍ന്നതെന്ന് സിസ്‌മോള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 16നാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടര്‍ന്ന് ദമ്പതികള്‍ ഗോവ, പനാജി, ഉഡുപ്പി, ബംഗളൂരു, മംഗലാപുരം, ഗോകര്‍ണം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതിനെത്തുടര്‍ന്ന് നില്‍ക്കള്ളിയില്ലാതായപ്പോഴാണ് ഇരുവരും കീഴടങ്ങിയത്.

Related posts