ആദ്യമായി മലയാളിയെ കണ്ട് വര്‍ത്തമാനം പറഞ്ഞപ്പോഴും കുടിവെള്ളം കിട്ടിയപ്പോഴും മാസങ്ങള്‍ക്കുശേഷം ചോറ് കഴിച്ചപ്പോഴും വിങ്ങിപ്പൊട്ടുകയായിരുന്നു! ഇനിയാരും ചതിക്കപ്പെടരുത്; നാടകീയ രക്ഷപെടലിനെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ

ബെന്യാമിന്‍ എഴുതിയ ആടുജീവിതം വായിച്ചിട്ടുള്ളവരാരും ആ കഥയും അതിലെ കഥാപാത്രങ്ങളെയും മറക്കില്ല. അതിലെ നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ അവസ്ഥ യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ഒരു വ്യക്തിയാണ് താനെന്നാണ് സൗദിയില്‍ നിന്ന് രക്ഷപെട്ട് എത്തിയ മലപ്പുറം ആനക്കയം സ്വദേശി വളാപ്പറമ്പന്‍ മുഹമ്മദ് ഇസ്ഹാഖ് വെളിപ്പെടുത്തുന്നത്.

നാടകീയ രക്ഷപെടലിന് ശേഷം, വിദേശത്ത് ജോലി ആഗ്രഹിച്ച്, ഒന്നും ചിന്തിക്കാതെ എടുത്ത് ചാടുന്നവരോട് അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു ഉപദേശവും നല്‍കുന്നുണ്ട്. സംഭവമിങ്ങനെ..

നാട്ടില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഷാഫിയാണ് എറണാകുളത്തെ ഏജന്റിനെ പരിചയപ്പെടുത്തിയത്. 75000 രൂപ വീസയ്ക്ക് നല്‍കിയാണ് മുംബൈ വഴി റിയാദിലെത്തിയത്. അറബി വീട്ടിലെ മജ്്‌ലിസില്‍ (സ്വീകരണമുറി) ചായയും കാപ്പിയും ഉണ്ടാക്കുന്ന ജോലിയായിരുന്നു വാഗ്ദാനമെങ്കിലും ഒട്ടകത്തെ മേയ്ക്കലാണ് കിട്ടിയത്. ശമ്പളം ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചതായും ഇസ്ഹാഖ് പരാതിപ്പെട്ടു.

തന്റെ പാസ്‌പോര്‍ട്ടുവച്ച് ആറു സിം കാര്‍ഡ് അറബി എടുത്തതായും ഇസ്ഹാഖ് പറയുന്നു. ഭാര്യയും മൂന്നു പെണ്‍കുട്ടികളുമുള്ള ഇദ്ദേഹം 9 വര്‍ഷമായി വാടകവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്ന ആഗ്രഹമാണ് സൗദിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നും പറയുന്നു. വാല്‍വിന് തകരാറുള്ള ഭാര്യയ്ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്.

മക്കളുടെ അടുത്ത് ജീവനോടെ എത്തിക്കിട്ടിയാല്‍ മതിയെന്ന് പറഞ്ഞ് പലപ്പോഴും വിങ്ങിപ്പൊട്ടി. ആദ്യമായി മലയാളിയെ കണ്ട് വര്‍ത്തമാനം പറഞ്ഞപ്പോഴും കുടിവെള്ളം കിട്ടിയപ്പോഴും മാസങ്ങള്‍ക്കുശേഷം ചോറ് തിന്നപ്പോഴും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. റിയാദില്‍നിന്നും 300 കിലോമീറ്റര്‍ അകലെ സലഹ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കലായിരുന്നു ജോലി.

രണ്ടര മാസം കൊടും ചൂടിലും തണുപ്പിലും ഒട്ടകത്തോടൊപ്പം മരുഭൂമിയില്‍ കഴിയേണ്ടിവന്ന കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഇസ്ഹാഖ് പലപ്പോഴും വിങ്ങിപ്പൊട്ടി. ഭക്ഷണം കഴിച്ചിട്ട് നാളുകള്‍ ഏറെയായി. വല്ലപ്പോഴും അറബി കൊണ്ടുതരുന്ന മക്രോണിയും ഖുബ്ബൂസും അള്‍സര്‍ രോഗിയായ തനിക്ക് കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും പറഞ്ഞു. ദിവസങ്ങളോളം കുളിക്കാതെയും മുടിവെട്ടാതെയും ഉടുതുണിക്ക് മറുതുണിയില്ലാതെയും കാട്ടാളനെ പോലെയാണ് കഴിഞ്ഞിരുന്നത്.

അങ്ങനെയിരിക്കെ അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിന് അറബിയോടൊപ്പം റിയാദില്‍നിന്ന് രണ്ടാഴ്ച മുന്‍പ് എത്തിയ ഇസ്ഹാഖ് അര്‍ധ രാത്രി ഒളിച്ചോടുകയായിരുന്നു. അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെയുള്ള ഓട്ടത്തിനൊടുവില്‍ ബദാസായിദിലെ മലയാളികളുടെ കടയില്‍ അഭയം തേടി. യുഎഇയിലുള്ള ബന്ധുക്കളുടെ സഹായം തേടിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു.

തിരിച്ചു സൗദിയില്‍ പോകേണ്ടിവന്നാല്‍ മരണമല്ലാതെ വഴിയില്ലെന്നും മൃതദേഹംപോലും തന്റെ മക്കള്‍ക്ക് കാണാന്‍ കഴിയില്ലെന്നും പറഞ്ഞു കരഞ്ഞതോടെ ഇസ്ഹാഖിനെ കൈവിടാന്‍ കടക്കാര്‍ക്കായില്ല. അബുദാബിയിലുള്ള സുഹൃത്തും വളാഞ്ചേരി കൊട്ടാരം സ്വദേശിയുമായ ഷംസുദ്ദീനെ വിളിച്ചറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രാവിലെ ബസ്സില്‍ അബുദാബിയിലേക്ക് കയറ്റിവിടുകയായിരുന്നു.

ബസ് സ്റ്റാന്‍ഡിലെത്തിയ ഇസ്ഹാഖിനെയും കൂട്ടി ഇന്ത്യന്‍ എംബസിയിലെത്തിയപ്പോള്‍ അധികൃതരില്‍നിന്ന് അകമഴിഞ്ഞ സഹായമാണ് ലഭിച്ചതെന്ന ഷംസുദ്ദീന്‍ പറഞ്ഞു. തുടന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസ് ശരിപ്പെടുത്തിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കയറ്റിവിടാനായി സൈ്വഹാന്‍ ഔട്ട്ജയിലിലേക്ക് മാറ്റി. നാട്ടിലേക്കുള്ള ടിക്കറ്റും എംബസി നല്‍കി.

ഷംസുദ്ദീനും സുഹൃത്തുക്കളും ചേര്‍ന്ന് 3000 ദിര്‍ഹമോളം സമാഹരിച്ചുനല്‍കി. ഇസ്ലാമിക് സെന്റര്‍ വസ്ത്രം വാങ്ങിക്കൊടുത്തു. ഇസ്ഹാഖിനെയുമെടുത്ത് എംബസിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഷംസുദ്ദീനും സുഹൃത്തുക്കളും താമസസ്ഥലത്തെത്തിച്ച് മുടി വെട്ടി കുളിപ്പിച്ച് മനുഷ്യക്കോലത്തിലാക്കി. പുതിയ വസ്ത്രം മാറ്റി പുതിയൊരു മനുഷ്യനായാണ് 38കാരനെ ഡീപ്പോര്‍ട്ടേഷന്‍ സെന്ററിലേക്ക് യാത്രയാക്കിയത്. ഇനിയൊരാളും ഇത്തരം ചതിക്കുഴികളില്‍ പെടരുതെന്നും ഇസഹാഖ് പറയുന്നു.

Related posts