ഒറ്റപ്പാലം: കടന്പഴിപ്പുറത്ത് വൃദ്ധദന്പതികൾ കൊല്ലപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു. കൃത്യം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരേയും പ്രതികളെക്കുറിച്ച് തുന്പൊന്നും ലഭിക്കാതെ ലോക്കൽ പോലീസിൽനിന്നും അന്വോഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും വലയുകയാണ്.
2016 നവംബർ 14ന് രാത്രിയിലാണ് കടന്പഴിപ്പുറം കണ്ണുകുർശി ചീരാപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവർ വീട്ടിലെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചത്. നാടിനെ നടുക്കിയ ഇരട്ടകൊലപാതകം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് തുന്പൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.
പ്രക്ഷോഭങ്ങൾ ശക്തമാകാൻ തുടങ്ങിയതോടെ അന്വേഷണം ലോക്കൽ പോലീസിൽനിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടുവർഷമായിട്ടും ഇതുവരേയും ഇവർക്കും പ്രതികളെക്കുറിച്ച് തുന്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. വൃദ്ധദന്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസമുണ്ടായിരുന്നത്. വിശാലവും വിജനവുമായ പ്രദേശത്തായിരുന്നു ഇവരുടെ വീട്.
കിടപ്പുമുറിയിൽ അതിദാരുണമായി വെട്ടേറ്റു മരിച്ച ഇവിടെ വീട്ടിൽനിന്നും മറ്റ് സാധനസാമഗ്രികളോ വിലപിടിപ്പുള്ള വസ്തുക്കളോ മോഷണംപോയിരുന്നില്ല.എന്നാൽ തങ്കമണിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിരുന്നു. വീടിനു മുന്നിലെ കിണറ്റിൽനിന്നും കൊലയ്ക്ക് ഉപയോഗിച്ചിരുന്ന മൂർച്ചയേറിയ ആയുധം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിരവധിപേരെ പോലീസ് ചോദ്യം ചെയ്തങ്കിലും ഒരു തന്പും ലഭിക്കുകയുണ്ടായില്ല.
തുടർന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾ നല്കാൻ കഴിയുന്നവരെ ലക്ഷ്യമിട്ട് പോലീസ് പൊതുസ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിക്കുകയെന്ന കൗശലം കൂടി പയറ്റിയങ്കിലും രഹസ്യമായിപോലും എന്തെങ്കിലും സൂചനകൾ നല്കാൻ തയാറായി ആരും മുന്നോട്ടു വന്നില്ല.
പരസ്യമായി രംഗത്തുവരാനും സൂചന നല്കാനും ആരും വരില്ലന്ന തിരിച്ചറിവിലാണ് പോലീസ് പെട്ടിവച്ച് ന്ധതുന്പിന്ന്ധ ശ്രമിച്ചത്. ഈശ്രമവും പരാജയപ്പെട്ടതോടെയാണ് അന്വോഷണം ലോക്കൽ പോലീസിൽനിന്നും മാറ്റണമെന്ന് ശക്തമായ ആവശ്യമുയർന്നത്.
നാട്ടുകാർ പ്രക്ഷോഭം തുടങ്ങിയതോടെ കേസന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ചും മാസങ്ങളായി കേസിൽ തുന്പൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ്. സംഭവം നടന്ന് രണ്ടു വർഷമായിട്ടും കേസന്വേഷണം ഒന്നുമാകാത്ത സാഹചര്യത്തിൽ ഇനി സിബിഐ അന്വോഷണം മാത്രമാണ് മുന്പിലുള്ളത്. അല്ലാത്തപക്ഷം തെളിയാത്ത കേസുകളുടെ പട്ടികയിൽ ഈ ഇരട്ടകൊലപാതകവും ഇടംപിടിക്കുന്ന കാര്യം ഉറപ്പാണ്.
ആക്ഷൻ കൗണ്സിൽ നിരാഹാര സമരത്തിന്
ഒറ്റപ്പാലം: ഇരട്ടകൊലപാതകത്തിൽ ആക്ഷൻ കൗണ്സിൽ അനിശ്ചിതകാല നിരാഹാര സമരത്തിന്. കണ്ണൂകുർശിയിൽ വൃദ്ധദന്പതികൾ കൊല ചെയ്യപ്പെട്ട് രണ്ടുവർഷമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കേസന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികൾ ശക്തമാക്കാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കുക. ഇതിനു മുന്നോടിയായി കടന്പഴിപ്പുറത്ത് നാട്ടുകൂട്ടം പരിപാടി നടന്നു. മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റിയംഗം പി.പി.ദേവസ്യ ഉദ്ഘാടനം ചെയ്തു. കേശവൻ നെട്ടാത്ത് അധ്യക്ഷത വഹിച്ചു.