വടക്കഞ്ചേരി: പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനടുത്ത് പനംങ്കുറ്റിയിൽ വീടുകൾക്കുസമീപം തന്പടിച്ച് മദമിളകിയ കാട്ടുകൊന്പൻ നാശനഷ്ടമുണ്ടാക്കി. ചെറുനിലം ജോണിയുടെ കൃഷിയിടത്തിലാണ് കാട്ടുകൊന്പൻ വിലസുന്നത്. ഇവിടെ നൂറുമീറ്റർ അകലെ വീടുകളുള്ള പ്രദേശമാണ്.
മനുഷ്യരെ കാണുന്പോൾ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതായി പരിസരവാസികൾ പറഞ്ഞു. വീടുകൾക്ക് ചുറ്റും തീയിട്ടും പടക്കം പൊട്ടിച്ചുമാണ് ആളുകൾ കഴിയുന്നത്. ചെറിയ കുട്ടി ഉൾപ്പെടെ ഏഴോളം ആനക്കൂട്ടം രണ്ടാഴ്ചമുന്പുവരെ പ്രദേശത്ത് ഉണ്ടായിരുന്നു. ഇവ തോട്ടങ്ങളിൽ ഇറങ്ങി നശിപ്പിച്ചതിനാൽ നിലവിൽ തെങ്ങും വാഴയും ഇല്ലാത്ത സ്ഥിതിയാണ്.
വരിക്കമാക്കൽ ബേബിയുടെ മാത്രം അഞ്ഞൂറോളം പൂവൻവാഴകൾ ആന നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് മദപ്പാടുമായി കൊന്പന്റെ പരാക്രമം. നാട്ടുകാർ വനംവകുപ്പ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റിയില്ലെങ്കിൽ മനുഷ്യജീവനുതന്നെ ഭീഷണിയാകുമെന്ന സ്ഥിതിയാണ്.
അതേസമയം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വനംവകുപ്പ് ഏറെ ലാഘവത്തോടെയാണ് കാണുന്നതെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ആനകൾ എത്താനുള്ള കാരണം, ഏതുതരം ആനകളാണ് നാട്ടിലിറങ്ങുന്നത് തുടങ്ങിയവ പഠനവിധേയമാക്കണമെന്ന വനംവകുപ്പ് നിലപാടുകളാണ് കർഷകരെ ചൊടിപ്പിക്കുന്നത്.