മാനന്തവാടി: ഒന്നാംഘട്ടം നവീകരണം പൂർത്തിയായ പഴശി പാർക്ക് ഇന്നു സഞ്ചാരികൾക്കു തുറന്നുകൊടുക്കും. 86 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇതിൽ 50 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചതാണ്. കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, ഓഫീസ് ബ്ലോക്ക്, കഫ്റ്റീരിയ, മുള ഉപയോഗിച്ചുള്ള ബോട്ട് ജെട്ടി എന്നിവ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിനകത്തു ടൈൽ, ഇന്റർലോക്കിംഗ് പ്രവൃത്തികളും നടത്തി.
രാവിലെ മുതൽ വൈകുന്നേരം ആറുവരെയാണ് പാർക്കിൽ സന്ദർശകരെ അനുവദിക്കുക. രണ്ടാംഘട്ട നവീകരണം പൂർത്തിയാകുന്നതോടെ പ്രവർത്തന സമയം രാത്രി ഒന്പതു വരെ നീട്ടും. രണ്ടു കോടി രൂപ ചെലവിൽ പാത്ത്വേ നിർമാണവും സന്പൂർണ വൈദ്യുതീകരണവുമാണ് രണ്ടാംഘട്ടത്തിൽ നടത്തുന്ന പ്രധാന പ്രവൃത്തികൾ. ഇതിനു ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പുഴയോടു ചേർന്നാണ് പഴശി ഉദ്യാനം. 1994ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലാണിത് ആരംഭിച്ചത്. വർഷങ്ങളോളം നല്ലനിലയിൽ പ്രവർത്തിച്ച പാർക്ക് ക്രമേണ നാശത്തിലേക്കു കൂപ്പുകുത്തി. കാടുകയറിയ പാർക്കിൽ കുറച്ചുകാലമായി സഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചിരുന്നില്ല.