തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം നടത്തുമോ എന്ന് ആരാഞ്ഞ് വിജിലൻസ് ഡയറക്ടർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും. ബന്ധുനിയമന വിവാദത്തിൽ അഴിമതി വ്യക്തമാണെന്നും അന്വേഷണം പ്രഖ്യാപിച്ചാൽ കുടുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രി ജലീലും ഒളിച്ചുകളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരേ മതസ്പർധ വളർത്തിയെന്ന കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ തയാറാകണം. സെൻകുമാറിന്റെ ആർഎസ്എസ് ബന്ധം വ്യക്തമായിരിക്കുകയാണെന്നും എന്നിട്ടും പിണറായി വിജയൻ സർക്കാർ അദ്ദേഹത്തെ കേസുകളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.