ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ വംശീയാധിക്ഷേപ ആരോപണം. നാപ്പോളി-ഇന്റർ മിലാൻ മത്സരത്തിനിടെയാണ് ആരോപണമുയർന്നത്. നാപ്പോളിയുടെ സെനഗൽ പ്രതിരോധ താരമായ കാലിഡോ കൗലിബാലിയെ അധിക്ഷേപിക്കുന്ന വാക്കുകൾ കാണികളുടെ ഇടയിൽനിന്നുമുണ്ടായി.
ഇത് നാപ്പോളി പരിശീലകൻ കാർലോസ് ആൻസിലോട്ടിയെ ചൊടിപ്പിച്ചു. ഇത്തരം അനുഭവമുണ്ടായാൽ ഇനി നോക്കിയിരിക്കാനാകില്ലെന്നും പോയിന്റ് നഷ്ടപ്പെട്ടാൽപോലും കളി ഉപേക്ഷിച്ച് മൈതാനംവിടുമെന്നും മത്സരശേഷം ആൻസിലോട്ടി പറഞ്ഞു.
ഇന്ററിന്റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ വംശീയാധിക്ഷേപം രൂക്ഷമായപ്പോൾ രണ്ട് തവണ മത്സരം നിർത്തിവയ്ക്കാൻ ആൻസിലോട്ടി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ 80-ാം മിനിറ്റിൽ കൗലിബാലി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇഞ്ചുറി ടൈമിൽ ലൗതാരോ മാർട്ടിനസ് നേടിയ ഗോളിൽ യുവന്റസ് ജയിച്ചിരുന്നു. ലീഗിൽ നാപോളി, യുവന്റസിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.