മുംബൈ: കേന്ദ്രഗവൺമെന്റിന്റെ പുതിയ മാർഗരേഖ ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിലെ വന്പന്മാർക്കു തിരിച്ചടിയാകും. ഒപ്പം ഉപയോക്താക്കൾക്കു വലിയ കിഴിവുകളും മറ്റും കിട്ടാനുള്ള അവസരവും ഇല്ലാതാകും.
ഫെബ്രുവരിയിലാണു പുതിയ മാർഗരേഖ നടപ്പാകുക. ആമസോൺ, വാൾമാർട്ട് തുടങ്ങിയ വന്പൻ കന്പനികൾ അവർക്കു നിക്ഷേപമോ ഓഹരിപങ്കാളിത്തമോ ഉള്ള കന്പനികളുടെ ഉത്പന്നങ്ങളാണ് കാര്യമായി വില്ക്കുക. ആ കന്പനികളുടെ ഉത്പന്നങ്ങൾക്കു പ്രത്യേക ഡിസ്കൗണ്ടും കാഷ്ബാക്ക് ഓഫറും നല്കും.
പുതിയ മാർഗരേഖ പ്രകാരം ഇ-കൊമേഴ്സ് സ്ഥാപനത്തിനു പങ്കാളിത്തമുള്ള കന്പനികൾക്ക് ആ സൈറ്റിൽ വില്പന പാടില്ല. അതായത്, ഫ്ലിപ്കാർട്ടിലൂടെ അതിന്റെ ഉടമകളായ വോൾമാർട്ട് തങ്ങളുടെ ഉത്പന്നങ്ങൾ വില്ക്കാൻ പാടില്ല. ആമസോണിനു പങ്കാളിത്തമുള്ള ക്ലൗഡ് ടെയിലിന് ആമസോൺ വഴി വില്പന പാടില്ല.
ആമസോണിൽ ഏറ്റവുമധികം വില്പന നടത്തുന്ന കന്പനികളിലൊന്നാണ് ക്ലൗഡ് ടെയിൽ. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ കട്ടമരൻ വെഞ്ചേഴ്സും അമസോണും 51:49 പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നതാണ് ഈ കന്പനി. കഴിഞ്ഞ വർഷം ക്ലൗഡ് ടെയ്ലിന് 7149 കോടി രൂപയുടെ വില്പന ഉണ്ടായിരുന്നു.
ഗവൺമെന്റിന്റെ വിശദീകരണം ഇതാണ്. റീട്ടെയിൽ വ്യാപാരത്തിൽ വിദേശമൂലധനം അനുവദിച്ചിട്ടില്ല; മൊത്ത വ്യാപാരത്തിലേ അനുവാദമുള്ളൂ. വിദേശ റീട്ടെയിൽ കന്പനിക്ക് ഇന്ത്യയിലെ മറ്റു കന്പനികൾക്ക് ഉത്പന്നം വില്ക്കാം; ഉപയോക്താക്കൾക്കു നേരിട്ടു വില്പന പാടില്ല.
ഓൺലൈൻ റീട്ടെയിൽ കന്പനികൾ പറയുന്നത് തങ്ങൾ വ്യാപാരം നടത്തുന്നില്ല; മറ്റു വ്യാപാരികൾക്ക് ഒരു വേദി (ചന്തസ്ഥലം) ഒരുക്കുന്നതേ ഉള്ളൂ എന്നാണ്. ആ വാദം സ്വീകരിച്ചുകൊണ്ട് കേന്ദ്രം ഇപ്പോൾ പറയുന്നത് വ്യാപാരികൾ തമ്മിൽ തിരിച്ചുഭേദം കാണിക്കരുതെന്നാണ്. അതായത്, ഡിസ്കൗണ്ടുകൾ, കാഷ്ബാക്ക് തുടങ്ങിയ കാര്യങ്ങളിൽ വിവേചനം പാടില്ല, എല്ലാവർക്കും ഒരുപോലെ നല്കണം.
ഈ വ്യവസ്ഥ പ്രത്യേക ഉത്പന്നങ്ങൾക്ക് അവിശ്വസനീയമായ തോതിലുള്ള ഡിസ്കൗണ്ടുകൾ പ്രഖ്യാപിക്കുന്നതിനു തടസമാണ്.ഓൺലൈൻ റീട്ടെയിലുകാർ ഇന്ത്യയിൽ വളർത്തിയെടുത്ത ബിസിനസ് മാതൃകയാകെ മാറ്റാൻ നിർബന്ധിക്കുന്നതാണു പുതിയ നിർദേശം. വാൾമാർട്ടും ആമസോണും പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അവരുമായി ബന്ധപ്പെട്ടവർ പുതിയ നീക്കത്തിൽ നിരാശ പ്രകടിപ്പിച്ചു.
രാഷ്ട്രീയകാര്യങ്ങളാലാണ് ഈ നീക്കമെന്നാണു വിലയിരുത്തൽ. ജിഎസ്ടി മുതൽ ഓൺലൈൻ വ്യാപാരം വരെയുള്ള വിഷയങ്ങളിൽ രാജ്യത്തെ പരന്പരാഗത വ്യാപാരസമൂഹം എതിർപ്പിലാണ്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെട്ടതോടെ വ്യാപാരികളെ കൂടെ നിർത്താൻ നടപടി വേണെന്ന ആവശ്യം ബിജെപിയിൽ ശക്തമായി. ഇതിന്റെ ഫലമാണ് ഓൺലൈൻ കുത്തകകൾക്കു ദോഷകരമായ പുതിയ വ്യവസ്ഥകൾ.
യുപിഎ ഭരണകാലത്തു വിദേശ റീട്ടെയിൽ ഭീമന്മാർക്കു പ്രവേശനമനുവദിക്കുന്നതിനെതിരായിരുന്നു ബിജെപി. അവർ അധികാരത്തിൽ വന്നശേഷം നിലപാടു മാറ്റിയെങ്കിലും വ്യാപാരികളുടെ എതിർപ്പുമൂലം ചില്ലറവ്യാപാരം അതേപടി അനുവദിക്കാനായില്ല. അതിനിടെ, ഓൺലൈൻ വ്യാപാരം വ്യാപകമായതോടെ ആമസോണും പിന്നാലെ വാൾമാർട്ടും എത്തി. ഇവരുടെ വ്യാപാരമാതൃക വൻ വിജയമായി. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പു പരാജയം മുന്നിൽ കാണുന്ന ബിജെപി അവർക്കു മൂക്കുകയറിടുകയാണ്.