തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ പങ്കെടുത്തുവെന്നു വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി പ്രദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. തിരുവല്ല സ്വദേശി ജെ. ജയനെതിരെയാണ് തിരുവല്ലയിൽ കേസ് രജിസ്റ്റർ ചെയ്തത്.
തനിക്കെതിരേ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരേ ഋഷിരാജ് സിംഗ് പരാതി നൽകിയിരുന്നു. അയ്യപ്പജ്യോതിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചാരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ സംഘപരിവാർ അക്കൗണ്ടുകൾ വഴിയായിരുന്നു വ്യാജപ്രചാരണം നടത്തിയത്. തുടർന്നാണ് സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തൃശൂർ കൊരട്ടി സ്വദേശിയും ഇന്ത്യൻ നേവിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗ് എന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയതെന്നു സൈബർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.