കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് മുൻപ് ശേഖരിച്ച വീഡിയോ ദൃശ്യം കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പ്രദർശിപ്പിച്ചു. മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് മെന്പർമാർക്കും മാധ്യമപ്രവർത്തകർക്കും മുന്നിലാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്.
മാർച്ച് 22-നു കാണാതായ ദിവസം രാവിലെ 11-ന് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ജെസ്നയോടു സാദൃശ്യമുള്ള യുവതിയുടെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ചിത്രത്തിൽ ജെസ്നയോടു സാദൃശ്യമുള്ള യുവതി, തൊട്ടടുത്തുകൂടി കടന്നുപോകുന്ന ഒരു യുവാവും മധ്യവയസ്കയും, സമീപത്തുകൂടി പോയ ഹ്യുണ്ടായി കാർ എന്നിവ സംബന്ധിച്ച് എന്തെങ്കിലും വിവരം നൽകാനാകുമോ എന്നറിയാനാണു കാമറ ദൃശ്യം പ്രദർശിപ്പിച്ചത്. ആർക്കും വിവരം നൽകാനാകുന്നില്ലെങ്കിൽ മുന്‍പ് വാർത്തകളിൽ പലപ്പോഴും നിറഞ്ഞ ഈ വീഡിയോ അന്വേഷണ പരിധിയിൽനിന്ന് ഒഴിവാക്കാനാണ് ടീമിന്റെ തീരുമാനം.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാർഥിനിയായിരുന്ന ജെസ്നയുടെ തിരോധാനത്തിൽ വെച്ചൂച്ചിറ പോലീസ് തുടങ്ങിയ അന്വേഷണത്തിൽ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ മൂന്നു മാസം മുന്‍പാണു ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
മാർച്ച് 22-ന് രാവിലെ മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് യാത്ര തിരിച്ച ജെസ്ന എവിടെപ്പോയെന്ന് ഇന്നും അവ്യക്തമാണ്. സഹപാഠികൾ ഉൾപ്പെടെ നൂറു കണക്കിനു പേരിൽനിന്നു വിവരങ്ങൾ ശേഖരിച്ചെങ്കിലും ജെസ്ന ജീവിച്ചിരിപ്പുണ്ടോ എന്നതിൽപോലും കൃത്യമായ ഉത്തരം നൽകാൻ ഇതേവരെ കഴിഞ്ഞിട്ടില്ല.