കോട്ടയം: തിരുവാർപ്പിൽ വീടിന് തീ പിടിച്ച് പൂർണമായി കത്തിയമർന്നു. ഇന്നു രാവിലെ 10.30നാണ് സംഭവം. തിരുവാർപ്പ് ളാക്കാട്ട് ഭാസിയുടെ ഷീറ്റിട്ട വീടാണ് കത്തി നശിച്ചത്. ഭാസി (85)യും ഭാര്യയും മകനുമാണ് ഇവിടെ താമസം. ഭാര്യ തൊഴിലുറപ്പ് പദ്ധതിയുടെ പണിക്കും മകൻ ഇലക്ട്രോണിക് സംബന്ധമായ ജോലിക്കും പോയി.
ഭാസി കടയിലേക്ക് സാധനം വാങ്ങാൻ പോയ സമയത്താണ് തീ പിടുത്തമുണ്ടായത്. വീട്ടിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. കോട്ടയത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട്ടിൽ ഗ്യാസ് മാത്രമേ ഉപയോഗിക്കുന്നുള്ളു. ഗ്യാസ് ഓഫാക്കിയതായി വീട്ടുകാർ പറയുന്നു. സംഭവം നടക്കുന്പോൾ സ്ഥലത്ത് വൈദ്യുതി ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് തീ പിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.