സ്വന്തം ലേഖകൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിക്കുന്പോൾ തൃശൂർക്കാരനായ പി.എ. ആന്റണിയും ചർച്ചയാകുന്നു. ഇറക്കുമതി സ്ഥാനാർഥികളെ വേണ്ടെന്നും അതതു മണ്ഡലങ്ങളിലെ പൊതുസമ്മതരെ സ്ഥാനാർഥികളാക്കണമെന്നുമുള്ള വികാരം കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികളിൽ ഉയർന്നിരിക്കേയാണ് തൃശൂർക്കാരനായ ആന്റണി ഓർമയിൽ ഓടിയെത്തുന്നത്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 16 തവണ നടന്ന മൽസരത്തിൽ എട്ടു തവണ വീതം കോണ്‍ഗ്രസ് പക്ഷവും ഇടതുപക്ഷവും ജയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച സ്ഥാനാർഥിയാണു കോണ്‍ഗ്രസിന്റെ പി.എ. ആന്റണി. 1984 ൽ സിപിഐയുടെ വി.വി. രാഘവനെ 51,290 വോട്ടിനാണു പി.എ. ആന്റണി പരാജയപ്പെടുത്തിയത്.
ആന്റണി കുറിച്ച ആ റിക്കാർഡ് തിരുത്താൻ ഒരു സ്ഥാനാർഥിക്കും കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത തവണ 1989 ലും ആന്റണി തന്നെയാണ് ജയിച്ചത്. ആന്റണി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പേ നിയമസഭാംഗമായിരുന്നു. ജനകീയനായ തൃശൂർക്കാരനായിരുന്നു ആന്റണി.
കെഎസ്്യുവിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. എ.കെ. ആന്റണി, ഉമ്മൻചാണ്ടി, വി.എം. സുധീരൻ, വയലാർ രവി തുടങ്ങി നേതൃനിരയിലുണ്ടായിരുന്ന പത്തു നേതാക്കളിൽ ഒരാൾ. പിന്നീടു തൃശൂർ നഗരസഭാ കൗണ്‍സിലറായി, തൃശൂർ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി.
തൃശൂരിലെ അരിയങ്ങാടിയിലൂടേയും സ്വരാജ് റൗണ്ടിലൂടേയുമെല്ലാം സാധാരണക്കാരനേപ്പോലെ നടന്നുപോയിരുന്ന അഡ്വ. പി.എ. ആന്റണി. എല്ലാവരോടും കുശലാന്വേഷണങ്ങൾ നടത്തി. അങ്ങനെ അദ്ദേഹം തൃശൂർക്കാർക്കു പ്രിയങ്കരനായി. ആന്റണിക്ക് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്തത് ആ ജനകീയതയായിരുന്നു.
അഴിമതിയോ സ്വജനപക്ഷപാതമോ ഗ്രൂപ്പു സമ്മർദമോ ഇല്ലാത്ത, ആരേയും വേദനിപ്പിക്കുകയോ വെറുപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്യാത്ത നേതാവ്. 1991 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.എ. ആന്റണിയെ കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കാതെ മാറ്റിനിർത്തി. ഇറക്കുമതി സ്ഥാനാർഥിക്കുവേണ്ടി മാറിനിന്നപ്പോൾ അദ്ദേഹം പ്രതിഷേധിച്ചില്ല. പാർട്ടിയുടെ തീരുമാനത്തിനു വിധേയത്വം പ്രകടിപ്പിച്ചു.
ആ വർഷം മുതൽ ഇറക്കുമതി സ്ഥാനാർഥികളെയാണ് തൃശൂർ ലോക്സഭാ സീറ്റിൽ കോണ്‍ഗ്രസ് മൽസരിപ്പിച്ചത്. ഏഴു തെരഞ്ഞെടുപ്പുകളിൽ മൂന്നു തവണ മാത്രമാണു കോണ്‍ഗ്രസ് സ്ഥാനാർഥി ജയിച്ചത്. നാലു തവണ പരാജയപ്പെട്ടു. ഇത്തവണ തൃശൂരിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന തൃശൂർക്കാരായ സ്ഥാനാർഥികളിലാണു തൃശൂരിന്റെ പ്രതീക്ഷ.