പത്തനാപുരം :പൊങ്കാല കാലമെത്തുന്നതോടെ പുതിയ പ്രതീക്ഷയിലാണ് തേന്പൊത്തൈയിലെ മണ്പാത്രഗ്രാമങ്ങള്.ഏറ്റവും വലിയ വിപണിയായ കേരളത്തില്‍ പ്രളയത്തില്‍ മുങ്ങിപ്പോയ ഓണക്കാലത്തിന്റെ ക്ഷാമത്തെ അതിജീവിക്കാനായി കിതയ്ക്കുകയാണ്.തമിഴ് അതിര്‍ത്തി ഗ്രാമങ്ങളിലെ പരമ്പരാഗത മണ്പാത്രനിര്മ്മാണക്കാര് ഉപജീവനത്തിനായി മറ്റ് തൊഴിലിടങ്ങളില്‍ തേടി പോകുകയാണ്.
ഒരുകാലത്ത്തെങ്കാശി തേന്പൊത്തൈ ഗ്രാമത്തിലെ നൂറിലധികം കുശവകുടുംബങ്ങള് കുലത്തൊഴിലില്‍ നിന്നും മാറാതെ മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു.എന്നാല്‍ ഇന്ന് ഇവിടെയുള്ളത് വിരലിലെണ്ണാവുന്ന നിര്‍മ്മാണ കുടുംബങ്ങള്‍ മാത്രം.കേരളത്തിലെ ഓണവും,പൊങ്കാല കാലത്തുമാണ് മണ്‍പാത്രങ്ങള്‍ക്ക് ഏറെയും ആവശ്യക്കാരെത്തുന്നത്.
പ്ലാസ്റ്റിക്,സ്റ്റീല്‍ പാത്രങ്ങളോട് ഇടക്കാലത്ത് മലയാളിക്കുണ്ടായ ഭ്രമം കാരണം മണ്‍പാത്രങ്ങൾ എറെ കുറെ അപ്രത്യക്ഷമാക്കി. ദിവസങ്ങളോളം ക്ഷമയോടെ ചെയ്യേണ്ടുന്ന മണ്‍പാത്രനിര്‍മ്മാണത്തിന് രണ്ടിന മണ്ണാണ് വേണ്ടത്.കളിമണ്ണും,പരുമണ്ണും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് കുഴച്ചാണ് പാത്രനിര്മ്മാണാവശ്യത്തിനുള്ള മണ്ണ് തയാറാക്കുന്നത്.ഈ മണ്ണ് തറിയിലാക്കി വേണ്ട പാത്രത്തിന്റെ ആകൃതിയില്‍ കൈകള്‍ കൊണ്ട് മെനഞ്ഞെടുക്കുന്നു.
അല്പമൊന്ന് ഉണങ്ങിയശേഷം അടിവശത്ത് മണ്ണ് വച്ച് കൈകൊണ്ടും,ചെറിയ പലകകൊണ്ടും രൂപപ്പെടുത്തി നല്ല ചൂടില്‍ ഉണക്കി പിന്നെ ചട്ടിയും കലവുമൊക്കെ ചൂളയിലേക്ക് കയറ്റും. വീണ്ടും വെയിൽ കാണിച്ച് വിപണിയിലെത്തിക്കും.വര്‍ഷത്തിലൊരു തവണ മാത്രമേ കളിമണ്ണെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നുള്ളൂ.ഇതും നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയായി.
തിരുമലയില്‍ നിന്നുമാണ് പാത്രനിര്മ്മാണത്തിനായി കളിമണ്ണെത്തിച്ചിരുന്നത്.പ്രതികൂലകാലാവസ്ഥയും,സാമ്പത്തിക മെച്ചമില്ലാത്തതും കാരണം പുതുതലമുറ കുലത്തൊഴിലില്‍ നിന്നും അകന്നു നില്‍ക്കുകയാണെന്ന് നിലവിലെ തൊഴിലാളികൾ പറയുന്നുണ്ട്.ഒരു ചട്ടിയ്ക്ക് പന്ത്രണ്ട് രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.എന്നാല്‍ മണ്ണിനും,ചൂളയ്ക്കാവശ്യമായ വിറകിനും,അധ്വാനവും വെച്ചുനോക്കുമ്പോള്‍ ഇത് നഷ്ടമാണ്.കേരളമാണ് ഇവരുടെ പ്രധാന വിപണി.
ഇല്ലാതായി കൊണ്ടിരിക്കുന്ന ഒരു ചെറുകിടവ്യവസായത്തെ പുനരുജ്ജീവനത്തിന്റെ പാതയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടും എന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍.ഓണവിപണിയെ മുന്‍കണ്ട് നിര്‍മ്മിച്ച പാത്രങ്ങളില്‍ ബഹുഭൂരിപക്ഷവും വിറ്റഴിക്കാന്‍ കഴിയാതെ വന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലായ ഇവര്‍ പൊങ്കാല വിപണിയിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.