കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയനില്‍ അഡ്മിനീസ്ട്രേറ്റീവ് ഭരണം നിലവില്‍ വന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധികഴിഞ്ഞതോടെയാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്.മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന് തെരഞ്ഞെടുപ്പില്‍ ജില്ലാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാര്‍ കോ-ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുകയാണ്.
കേസ് നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് തെരഞ്ഞെടുപ്പ് വൈകുന്നത്. ഇപ്പോള്‍ നിലവില്‍ വന്ന അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിയില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. ജില്ലകള്‍ക്ക് പ്രാതിനിധ്യം അടക്കമുള്ള പുതിയ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ , മില്‍മ മലബാര്‍ യൂണിയന് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍ .
ഇക്കാര്യത്തില്‍ ക്ഷീര വികസന വകുപ്പ് കൈയാളുന്ന സിപിഐ. സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നിരിക്കുന്നത്. മില്‍മയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് മലബാര്‍ മേഖലക്ഷീരോല്പ്പദക യൂണിയന് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നേരത്തേയുള്ള രീതി. ഇത് മാറ്റി ജില്ലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്.
അതേസമയം യൂണിയന് പിടിച്ചടക്കാനുള്ള ഭരിക്കുന്നപാര്‍ട്ടിയുടെ തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് നീണ്ടികൊണ്ടുപോകുന്നതിനു പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം, പാലക്കാട്,കണ്ണൂര്‍ ,കാസര്‍കോട്,കോഴിക്കോട്,വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് മില്‍മ മലബാര്‍ മേഖലായൂണിയന് . സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്ന യൂണിയനും ഇതാണ്.
മൂവായിരത്തോളം പ്രാഥമിക സംഘങ്ങളിലായി കേരളത്തിലാകെ പടര്‍ന്നുകിടക്കുന്ന സഹകരണ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ മില്‍മ എന്നും സിപിഎമ്മിന് ബാലികേറാമലയാണ്. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോഴെല്ലാം മില്‍മ പിടിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പലതരത്തില്‍ ഉണ്ടാവാറുണെണ്ടന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ആനന്ദ് മാതൃക’യില്‍ പാല് അളവിന്റെ അടിസ്ഥാനത്തില്‍ അംഗത്വം എന്ന മില്‍മയുടെ നിയമമാണ് സിപിഎമ്മിന് മില്‍മയിലേക്കുള്ള വഴിയടയ്ക്കുന്നത്.