കണ്ണൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വില്പന നടത്തിയ സംഭവത്തിൽ മൂന്നു നേതാക്കൾക്കെതിരേ പാർട്ടി നടപടിയെടുത്തു. സിപിഎം കൺട്രോൾ കമ്മീഷൻ ചെയർമാൻ ടി.കൃഷ്ണനെ സ്ഥാനത്തുനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭനെ താക്കീത് ചെയ്യാനും പേരാവൂർ ഏരിയാ കമ്മിറ്റിയംഗം പേരാവൂർ കെ.പി.സുരേഷ്കുമാറിനെ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനുമാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം.
ആശുപത്രിയുടെ മുൻ പ്രസിഡന്റുമാരായിരുന്നു ടി.കൃഷ്ണനും വി.ജി.പത്മനാഭനും. വില്പന നടക്കുന്പോൾ സുരേഷ്കുമാറായിരുന്നു പ്രസിഡന്റ്. 2010ലാണ് പേരാവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സഹകരണ ആശുപത്രി ആരംഭിച്ചത്. ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ചായിരുന്നു തുടക്കം. മൂന്നുവർഷം മുന്പാണ് 4.10 കോടി രൂപയ്ക്ക് ആശുപത്രി വിറ്റത്.
ആശുപത്രി നഷ്ടത്തിലാണെന്നാണ് വിൽക്കാൻ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് വില്പനയെന്നും രേഖകളിൽ പറഞ്ഞതിനെക്കാൾ ഉയർന്ന തുകയ്ക്കാണ് വിറ്റതെന്നും ഇതിനുപിന്നിൽ സാന്പത്തിക ക്രമക്കേട് നടന്നതായും ആരോപണമുയർന്നിരുന്നു.
ഇതേത്തുടർന്ന് ജയിംസ് മാത്യു എംഎൽഎ, പി.ഹരീന്ദ്രൻ എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നേതാക്കൾക്കെതിരെയുള്ള നടപടി കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. അടുത്തിടെ വിവാദത്തിൽപ്പെട്ട കണ്ണൂരിലെ ഒരു സംരംഭകനാണ് ആശുപത്രി വിറ്റത്.