ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിൽ ഇനി അനായാസം വീഡിയോകൾ കാണാം. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി പിഐപി (പിക്ചർ ഇൻ പിക്ചർ) ഫീച്ചറാണ് വാട്സ്ആപ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ് വഴി ഷെയർ ചെയ്യുന്ന വീഡിയോ ലിങ്കുകൾ (യുട്യൂബ്, ഫേസ്ബുക്ക് എന്നുതുടങ്ങി ഏതെങ്കിലും വീഡിയോ പ്ലാറ്റ്ഫോമിൽനിന്നുള്ള വീഡിയോയുടെ ലിങ്ക്) തുറക്കാതെ ആപ്പിനുള്ളിൽത്തന്നെ കാണാൻ അവസരം നല്കുകയാണ് പുതിയ ഫീച്ചർ ചെയ്യുന്നത്. ലിങ്കിനൊപ്പം കാണുന്ന ചിത്രത്തിൽ തൊട്ടാൽ വീഡിയോ പ്ലേ ആകും.
ഉപയോക്തൃസൗഹൃദ ഫീച്ചറായി ഇതിനെ പരിഗണിക്കാം. മുന്പ് വീഡിയോ ലിങ്കുകൾ ഷെയർ ചെയ്താൽ ലിങ്കിൽ പ്രവേശിച്ചെങ്കിൽ മാത്രമേ വീഡിയോ കാണാൻ കഴിയുമായിരുന്നുള്ളൂ.
പുതിയ ഫീച്ചർ അവതരിപ്പിച്ചതിലൂടെ യുട്യൂബിൽനിന്നു പരസ്യവരുമാനം നേടിയിരുന്നവർക്ക് വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുക. വാട്സ്ആപ്പിൽത്തന്നെ വീഡിയോ പ്ലേ ആകുന്പോൾ പരസ്യങ്ങൾ കാണിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അടുത്തിടെ വീഡിയോകളിലൂടെ വരുമാനം നേടാവുന്ന ഫീച്ചർ ഫേസ്ബുക്ക് ഇന്ത്യയിൽ തുടങ്ങിയിരുന്നു.
വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇതുവരെ ലഭ്യമാകാത്തവർ തങ്ങളുടെ ഫോണിലെ ആപ് പുതിയ വേർഷനിലേക്ക് ആപ്ഗ്രേഡ് ചെയ്യണം.