കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് വഴിത്തിരിവിൽ. വെടിവയ്പിനുപിന്നിൽ താൻ തന്നെയാണെന്നും വെളിപ്പെടുത്തി മുംബൈഅധോലോകനായകൻ രവി പൂജാരി വീണ്ടും രംഗത്തുവന്നു. ഇതോടെ പോലീസിനു കേസ് അന്വേഷണത്തിൽ നിന്നും പിന്നോട്ടു പോകാനും കഴിയാത്ത അവസ്ഥയാണ്.
മുംബൈ അധോലോകനായകന്റെ ആളുകളായി കൊച്ചിയിൽ സംഘം ശക്തി പ്രാപിക്കുന്നുവെന്ന സൂചന പോലീസിനു ലഭിച്ചു കഴിഞ്ഞു. മയക്കുമരുന്ന്, സെക്സ് റാക്കറ്റ് കൂടാതെ ഇപ്പോൾ അധോലോക സംഘവും ശക്തിപ്രാപിച്ചതിൽ അഭ്യന്തരവകുപ്പ് കൂടുതൽ നിരീക്ഷണത്തിലാണ്.
കേരളത്തിലെപ്രമുഖ സ്വകാര്യചാനലിലേക്കു രണ്ടാം പ്രാവശ്യം വിളിച്ചാണ് രവിപൂജാരി സംസാരിച്ചത്. പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടാണ് ഫോണ് വന്നത്. തന്റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പോലീസ് കണ്ടുപിടിക്കട്ടെയെന്നാണ് രവി പൂജാരി വെല്ലുവിളിക്കുന്നത്.
ബ്യൂട്ടി പാർലർ വെടിവയ്പ്പിനു പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പോലിസ് സ്ഥീരീകരിച്ചതിനു പിന്നാലെയാണ് വിദേശത്തുനിന്നു ഫോണ്വിളിയെത്തിയത്. നടി ലീന മരിയാ പോളിനോടു 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിനു പിന്നിൽ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി സ്വകാര്യ ചാനലിനോടു വെളിപ്പെടുത്തിയത്. ഇന്നലെ വിളിച്ചു വീണ്ടും ഇതു ആവർത്തിക്കുകയായിരുന്നു. മംഗലാപുരത്തും ബംഗളൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്നു കൊച്ചി പോലിസ് സ്ഥിരീകരിച്ചത്. എന്നാൽ, ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാൻപോലും പോലീസിനു ഇതേവരെ കഴിഞ്ഞിട്ടില്ല.
കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പുകേസിൽ നടി ലീന മരിയ പോളിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തപ്പോഴും രവി പൂജാരിയുടെ ഫോണിനെ കുറിച്ചാണ് പറഞ്ഞത്. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർത്തതെന്നാണ് പോലീസ് അനുമാനം. മംഗലാപുരത്തെ പൂജാരിയുടെ അനുയായികൾ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് വെടിയുതിർത്തത്.
രവി പൂജാരിയുടെ അനുയായി സംഘത്തിലുണ്ടായിരുന്നവരാണ് ചാനലിലേക്കു വിളിച്ച ശബ്ദം തിരിച്ചറിഞ്ഞത്. ശബ്ദത്തിന്റെ ഒൗദ്യോഗിക ഫോറൻസിക് പരിശോധനാഫലവും ഉടൻ ലഭിക്കും. അങ്ങനെയെങ്കിൽ നടിക്ക് രവി പൂജാരിയുമായുള്ള ബന്ധമെന്താണെന്നാണ് പോലീസ് കണ്ടെത്തെണ്ടേത്. ഇവർ തമ്മിൽ സാന്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം ലീന മരിയ പോൾ ബോളിവുഡ് താരങ്ങളെയടക്കം സ്വകാര്യ ചടങ്ങുകൾക്ക് എത്തിക്കാമെന്നേറ്റു സംസ്ഥാനത്തെ വ്യവസായ പ്രമുഖരിൽനിന്നടക്കം ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ലീനയ്ക്കെതിരെ മൂന്നു സാന്പത്തിക തട്ടിപ്പുകൾ നടത്തിയതിനു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു.