എന്റെ ഉമ്മാന്റെ പേര് എന്ന ടോവിനോ ചിത്രം ഇപ്പോള്‍ തിയേറ്ററുകള്‍ കീഴടക്കി മുന്നോട്ട് പോകുകയാണ്. മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രം കണ്ട് മമ്മൂക്ക തന്നെ വിളിപ്പിച്ചതിനെക്കുറിച്ച് താരം ഇപ്പോള്‍ തുറന്നുപറയുകയാണ്. എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ കണ്ട് മമ്മൂട്ടി വിളിപ്പിച്ചിരുന്നു.
അദ്ദേഹം സിനിമ കണ്ട് അഭിനന്ദിക്കാനായി വിളിപ്പിച്ചതാണ്. അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരംഗീകാരം കൂടിയാണിത്. മായാനദി കണ്ട മോഹന്‍ലാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ടോവിനോ നന്നായി ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം നിരവധി പരസ്യചിത്രങ്ങളിലും, സമീപകാലത്തിറങ്ങിയ ഒരുപാട് മറാത്തി സിനിമകളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയത്തിന്റെ പിന്‍പറ്റിയാണ് ജോസ് സെബാസ്റ്റ്യന്‍ സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. തിരക്കഥ പൂര്‍ത്തിയായി, ഏകദേശം നാലു വര്‍ഷത്തോളം കഴിഞ്ഞാണ് ഈ ചിത്രം തിയറ്ററുകളിലെത്തുന്നത്.
ഉപ്പയുടെ മരണത്തോടെ യത്തീം (അനാഥന്) ആവുന്ന ഹമീദിന്റെ നിക്കാഹ്, ഹമീദിന് കുടുംബക്കാരില്ലെന്ന പേരില്‍ മുടങ്ങുന്നു. ഹമീദ് തന്റെ ഉമ്മയെ തിരഞ്ഞ് ഉപ്പയുടെ പഴയ ഭാര്യമാരുടെ അടുത്തേക്ക് പോവുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഹമീദായി ടൊവിനൊ തോമസും ഹമീദിന്റെ ഉപ്പയുടെ ആദ്യഭാര്യയായി ശാന്തി കൃഷ്ണയും രണ്ടാമത്തെ ഭാര്യയായി ഉര്‍വശിയും സ്ക്രീനിലെത്തുന്നു.