സൂര്യനാരായണൻ
കൊച്ചി: നടി അശ്വതിബാബുവിന്റെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടു പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നു പോലീസ് സൂചന നൽകിയതോടെ ഉന്നത രാഷ്ട്രീയരംഗത്തുള്ളവർക്കു പൊള്ളുന്നുവെന്നു സൂചന. അശ്വതിബാബുവിന്റെ വെളിപ്പെടുത്തൽ വന്നാൽ പലർക്കും ഉറക്കം നഷ്ടപ്പെടുമെന്നതു കൊണ്ടു കേസ് നടിയിൽ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ശക്തമായ രാഷ്ട്രീയ സമർദം മൂലം കേസ് നടിയിൽ ഒതുക്കാനാണ് തീരുമാനം. സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖരുമായി നടിക്കു ബന്ധമുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം തേടി പോലീസിന്റെ യാത്ര സിനിമമേഖലയിലുള്ളവരുടെ ഉറക്കം കെടുത്തി കഴിഞ്ഞു. നടി മനസ് തുറന്നാൽ പ്രമുഖരിലേക്കും കേസ് നീട്ടേണ്ടിവരും. പോലീസ് നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ, നടിയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ അന്വേഷണസംഘത്തിനു പഴയ ഒരു ഉത്സാഹം കാണുന്നില്ല.
ഇന്നു അപേക്ഷ സമർപ്പിച്ചു നടിയെ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കുന്നത്. ഇത്രയും ദിവസം വൈകിയതിനെ കുറച്ചു മറുപടിയില്ലെന്നതും ശ്രദ്ധേയമാണ്. സിനിമ-സീരിയൽ രംഗത്തുള്ള ചിലരുടെ ബിസിനസിലെ ചെറുകണ്ണിമാത്രമാണ് അശ്വതിബാബു. അതു കൊണ്ടു തന്നെ ഈ കേസ് വലിച്ചുനീട്ടി സിനിമക്കാരെ മുഴുവൻ സമർദത്തിലാക്കാനും പോലീസ് തയാറാകില്ലെന്നറിയുന്നു. നടിയെ കസ്റ്റഡിയിൽ ലഭിച്ചുകഴിഞ്ഞാൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷ പോലീസ് ഉപേക്ഷിക്കുന്നുമില്ല.
ഫ്ളാറ്റിലും പുറത്തും ലഹരി നുണയുന്ന സ്ഥിരം കസ്റ്റമേഴ്സ് നടിക്കുണ്ടായിരുന്നുവെന്നു പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാൽ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നടിയിൽ നിന്നും ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യുന്നത്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ തെളിവു ലഭിച്ചു കഴിഞ്ഞു. ന്യൂയർ ദിനങ്ങളിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും കപ്പലുകളും ഉൾപ്പെടെ പരിശോധിക്കാൻ പോലീസ് തീരുമാനമെടുത്തതിനു പിന്നിലും ഇത്തരമൊരു കാരണമുണ്ട്.
നടിയുടെ ഫോണ് നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്നു ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്. നടി അശ്വതി ബാബുവിൽ നിന്നും എംഡിഎംഎ. പിടികൂടിയ സംഭവത്തിൽ ഇടപാടുകാർക്കു ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വൻകിട ഹോട്ടലുകളും ബേക്കറികളുമെന്ന് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്.
അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ തുടങ്ങിയിരുന്നു. വാട്സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വൻകിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നത്. ചെറുപായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്നു വില്പന നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയൽ രംഗത്തുള്ളവർ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളിൽ എത്തിയിരുന്നു എന്നാണ് വിവരം.