കൊച്ചി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി) ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ, മലേഷ്യ രാജ്യങ്ങളിലേക്കും ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്കും വിദേശ, ആഭ്യന്തര ടൂർ പാക്കേജ് അവതരിപ്പിച്ചു. ശ്രീലങ്ക രാമായണ യാത്ര എന്ന പേരിൽ ഫെബ്രുവരിയിൽ നടത്തുന്ന പാക്കേജിൽ ദാംബുള്ള, ട്രിങ്കോമലി, കാൻഡി, കൊളംബോ എന്നീ സ്ഥലങ്ങളിലെ തീർഥാടന, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. 12നു നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു യാത്ര പുറപ്പെടും. 18നു മടങ്ങിയെത്തും. 45,260 രൂപയാണു പാക്കേജ് നിരക്ക്.
ദുബായിലെയും അബുദാബിയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുംവിധമാണു യുഎഇ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 12നു പുറപ്പെടുന്ന അഞ്ചു ദിവസത്തെ പാക്കേജിൽ ദുബായ് സിറ്റി ടൂർ, ബുർജ് ഖലീഫ, ധോ ക്രൂയിസ്, മിറക്കിൾ ഗാർഡൻ, ഡെസേർട്ട് സഫാരി, അബുദാബി സിറ്റി ടൂർ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. 50,950 രൂപയാണു പാക്കേജ് നിരക്ക്.
സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കു ഫെബ്രുവരി 16നാണു യാത്ര തുടങ്ങുന്നത്. ഗാർഡൻസ് ബൈ ദ ബേ, സിംഗപ്പൂർ സിറ്റി ടൂർ, സിംഗപ്പൂർ ഫ്ലൈയർ, സെന്റോസ ദ്വീപ്, ജുറോംഗ് ബേർഡ് പാർക്ക്, ക്വാലാലംപുർ സിറ്റി ടൂർ, പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ, ജെന്റിംഗ് ഹൈലാൻഡ്സ്, ബാട്ടു ഗുഹകൾ, പുത്രജയ എന്നിവ സന്ദർശിച്ച് 21നു മടങ്ങിയെത്തും. 63,100 രൂപയാണു നിരക്ക്.
ഫെബ്രുവരി 16നു പുറപ്പെടുന്ന ആസാം-മേഘാലയ പാക്കേജിലൂടെ ഷില്ലോംഗ്, ചിറാപ്പുഞ്ചി, മാവ് ലിന്നോംഗ്, കാസിരംഗ, ഗുവാഹട്ടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു 22നു മടങ്ങിയെത്തും. 37,900 രൂപയാണ് നിരക്ക്. വിമാന ടിക്കറ്റിനു പുറമേ ഭക്ഷണം, താമസം എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.