ആലുവ: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ആലുവ അശോകപുരം സ്വദേശിയായ മധ്യവയസ്ക്കനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രധാനപ്രതിയെ പോലീസിന് കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
കേസിൽ പിടിയിലായ തൃശൂർ സ്വദേശി പൊമേറോയെ ഇന്നലെയും ഇന്നുമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഹണിട്രാപ്പിന്റെ മുഖ്യസൂത്രധാരി ഇരിങ്ങാലക്കുട സ്വദേശിനിയായ ബ്യൂട്ടിപാർലർ ജീവനക്കാരി റിയയടക്കം മൂന്നുപേർ ഒളിവിലാണ്. കേസിനാസ്പദമായ ഭീഷണിപ്പെടുത്തുന്ന നഗ്നചിത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊമേറോയിൽനിന്നും കണ്ടെത്താനാകും എന്നാണ് പോലീസിന്റെ നിഗമനം.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യവയസ്ക്കനെ പ്രലോഭിപ്പിച്ച് നെടുന്പാശേരിയിലെ അപ്പാർട്ട്മെന്റിൽ വിളിച്ചുവരുത്തി ബ്യൂട്ടിഷൻ റിയ ലൈംഗികവൃത്തിയ്ക്ക് നിർബന്ധിക്കുകയായിരുന്നു. പ്രണയക്കെണിയിൽപ്പെട്ടുപോയ മുൻ പ്രവാസിയായ ഇയാളെ പിന്നീട് ഒളികാമറയാൽ പകർത്തിയ സ്വകാര്യദൃശ്യങ്ങൾ കാണിച്ച് പണം തട്ടാനായിരുന്നു യുവതിയുടെ പദ്ധതി.
ഇതിന് അറസ്റ്റിലായ പൊമേറോയുടെയടക്കം സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ദൃശ്യത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി 17,000 രൂപ തട്ടിയെടുത്ത സംഘം വീണ്ടും രണ്ടരലക്ഷം ആവശ്യപ്പെട്ടുകൊണ്ട് ശല്യം തുടർന്നപ്പോഴാണ് മധ്യവയസ്ക്കൻ പരാതിയുമായി പോലീസിന്റെ മുന്നിലെത്തിയത്.