സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ആചാരവും വിശ്വാസവും കോടതിവിധിയുമൊക്കെ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കാർ വേദനകൊണ്ട് പുളയുന്ന കാൻസർ രോഗികൾക്ക് റേഡിയേഷൻ സൗകര്യമൊരുക്കാൻ അനാസ്ഥ കാണിക്കുന്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാരിന്റെ സംരക്ഷണവും കനിവും കാത്തിരിക്കുന്നത് നൂറു കണക്കിന് കാൻസർ രോഗികൾ.
സേഫ്റ്റി ഓഫീസർ ഇല്ലാത്തതിനാൽ റേഡിയേഷൻ നടക്കാത്തതുകൊണ്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികൾ വേദനകൊണ്ട് പുളയുന്നു. യഥാസമയം റേഡിയേഷൻ ചികിത്സ കിട്ടാതെ നേരത്തെ റേഡിയേഷൻ ലഭിച്ചവർ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ തൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡും നൂറുകണക്കിന് കാൻസർ രോഗികളും നൊന്പരക്കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
കാൻസർ രോഗചികിത്സയുടെ ഭാഗമായ റേഡിയേഷൻ നടത്തുന്നതിന് സേഫ്റ്റി ഓഫീസർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് ചട്ടം. റേഡിയേഷന്റെ തോത് നിശ്ചയിക്കുന്നത് സേഫ്റ്റി ഓഫീസറാണ്. എന്നാൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ജോലിയിൽ നിന്നും പിരിഞ്ഞുപോയി. പകരം ആളെ ഇതുവരെയും നിയമിച്ചിട്ടില്ല.
പിഎസ് സി വഴി പുതിയ സേഫ്റ്റി ഓഫീസർ എത്തുന്പോഴേക്കും കാൻസർ രോഗികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യം. അതിനാൽ അടിയന്തിരമായി താൽക്കാലിക അടിസ്ഥാനത്തിൽ ഒരു സേഫ്റ്റി ഓഫീസറെ നിയമിക്കുകയാണ് വേണ്ടത്. ജില്ല കളക്ടർ ചെയർമാനായ ആശുപത്രി വികസന സമിതിക്ക് ഇത്തരത്തിൽ സേഫ്റ്റി ഓഫീസറെ നിയമിക്കാൻ കഴിയും. ഇതിനുള്ള നടപടികൾ കൈക്കൊള്ളുകയാണ് ഇപ്പോൾ ചെയ്യേണ്ടത്.
കാലപ്പഴക്കം കൊണ്ട് ഉപയോഗിക്കാൻ പോലും കഴിയാത്ത റേഡിയേഷൻ മെഷിനാണ് ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജിലുള്ളത്. ഇരുനൂറിലധികം പേർ റേഡിയേഷന് വേണ്ടി പ്രതിദിനം എത്തുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അറുപതു പേർക്ക് മാത്രമേ ഈ മെഷിൻ ഉപയോഗിച്ച് റേഡിയേഷൻ നടത്താൻ സാധിക്കുകയുള്ളു. അത്യാധുനിക റേഡിയേഷൻ മെഷിൻ തൃശൂർ മെഡിക്കൽ കോളജിന് അനുവദിച്ചിട്ടുണ്ടെങ്കിലും അത് പ്രഖ്യാപനത്തിലും കടലാസിലും മാത്രം ഒതുങ്ങി നിൽക്കുന്നു.
സേഫ്റ്റി ഓഫീസറില്ലാതെ റേഡിയേഷൻ നടത്തി എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും ഡോക്ടർമാർക്കായിരിക്കുമെന്നതുകൊണ്ട് ഓങ്കോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാർ ഈ റിസ്ക് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. തൻമൂലം അടിയന്തിരമായി റേഡിയേഷൻ ആവശ്യമുള്ള കാൻസർ രോഗികളെ പോലും റേഡിയേഷൻ നൽകാൻ സാധിക്കാതെ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്.
തൃശൂരിലും സമീപജില്ലകളിലുമുള്ള സ്വകാര്യ ആശുപത്രികളിൽ റേഡിയേഷൻ നടത്തുക മാത്രമാണ് ഇവർക്കുള്ള ഏക പോംവഴി. മെഡിക്കൽ കോളജിൽ സൗജന്യമായി റേഡിയേഷൻ നടത്തിക്കൊടുക്കുന്പോൾ അയ്യായിരം രൂപയോളം സ്വകാര്യ ആശുപത്രികളിൽ റേഡിയേഷന് വാങ്ങുന്നുണ്ട്. പാവപ്പെട്ട രോഗികൾക്ക് ഇത് താങ്ങാൻ കഴിയാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലെ കാൻസർ രോഗികളും തൃശൂർ മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. മൂന്നാഴ്ചയായി റേഡിയേഷൻ നിലച്ചിരിക്കുകയാണ്.