പാലക്കാട്: മലന്പുഴ പോലീസ് സംശയകരമായ സാഹചര്യത്തിൽ പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നൽകാൻ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ്.ബി.ഇടയോടി ഉത്തരവിട്ടു. 2018 ജൂണ്‍ 28ന് മലന്പുഴ കഞ്ചിക്കോട് റോഡിൽ പന്നിമടയിൽ വാഹന പരിശോധനക്കിടയിലാണ് കോയന്പത്തൂർ ഭാഗത്തു നിന്നും വന്ന ആഢംബര കാറിലെ രഹസ്യ അറയിൽ നിന്നും രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്.
കാറിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് കുടക്കാട് 55-ാം മൈലിൽ പതാരി വീട്ടിൽ അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് ആദായനികുതി ഡെപ്യൂട്ടി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) എം.എസ്.ദീപ്ത നൽകിയ അപേക്ഷ പ്രകാരമാണ് സംഖ്യ ആദായനികുതി വകുപ്പിന് വിട്ടു നൽകിയത്. കേസിൽ ആദായനികുതി വകുപ്പിനു വേണ്ടി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.