പത്തനാപുരം:സംസ്ഥാനത്തെ പ്രീ പ്രൈമറി ജീവനക്കാരുടെ പ്രവർത്തനങ്ങളില്‍ അവ്യക്തത.അനുകൂല്യങ്ങള്‍ നല്കുമ്പോഴും പ്രവര്‍ത്തന രീതികളില്‍ ഏകീകരണമില്ലാത്തതാണ് അവ്യക്തതയ്ക്ക് കാരണം.നിയതമായ പരിശീലനങ്ങളോ, വിരമിക്കൽ പ്രായമോ ഒന്നും ഇവർക്ക് നിശ്ചയിച്ചിട്ടില്ല.സിലബസിലും സമന്വയമില്ലാത്തതിനാല് ഓരോയിടത്തും വ്യത്യസ്തങ്ങളായ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ കുറഞ്ഞ സാഹചര്യത്തിലാണ് അധ്യാപക രക്ഷകർത്തൃ സമിതികളുടെ മേൽനോട്ടത്തിൽ പ്രീ പ്രൈമറികൾ ആരംഭിച്ചത്.തുടക്കത്തിൽ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങിയാണ് ജീവനക്കാർക്ക് വേതനം നൽകിയിരുന്നത്.ക്രമേണ കുട്ടികൾ വർദ്ധിച്ചപ്പോൾ വേതന വ്യവസ്ഥകൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അദ്ധ്യാപികയ്ക്ക് 9000 രൂപയും ആയയക്ക് 6000 രൂപയുമാണ് വേതനം.
എന്നാൽ സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപകരിൽ അധികവും പെൻഷൻ പ്രായം കഴിഞ്ഞവരാണ്. പ്രാദേശിക സാധ്യത പരിഗണിച്ച് ആദ്യകാലത്ത് നിയമനം നടത്തിയപ്പോൾ പ്രായമായവർക്കും ആംഗൻവാടികളിൽ നിന്നും വിരമിച്ചവരെയുമാണ് ഉൾപ്പെടുത്തിയത്.ഇതിനാൽ തന്നെ 60 വയസിന് മുകളിൽ പ്രായമായവർ വരെ സേവനം അനുഷ്ഠിക്കുന്നുണ്ട്.
പ്രീ പ്രൈമറി അദ്ധ്യാപക പരിശീലനം പൂർത്തിയാക്കാത്തവർ വരെ പല സ്ക്കൂളുകളിലും സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നതാണ് സത്യാവസ്ഥ.സ്കൂൾ അധ്യാപകർക്ക് വർഷത്തിൽ അഞ്ചോളം ക്ലസ്റ്ററുകൾ (പരിശീലന പരിപാടി) സർക്കാർ നൽകുന്നുണ്ട്. എന്നാല്‍ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന്റെ പരിശീലനം ഒന്നും തന്നെ ഇവർക്ക് നൽകുന്നില്ല.
ഇതു കൊണ്ട് തന്നെ കുട്ടികളുടെ പഠനനിലവാരത്തില്‍ പോരായ്മ ഉള്ളതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ആംഗന്‍വാടികള്‍ അല്ലാത്തതിനാല്‍ സംയോജിത ശിശുവികസനസേവന പദ്ധതി (ഐ.സി.ഡി.എസ്) യുടെ പരിധിയിലും പ്രീപ്രൈമറികളെ ഉള്‍പ്പെടുത്തിയിട്ടില്ല.വേതനവ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനൊപ്പം കൃത്യമായ പരിശീലനവും പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിംഗും ഉണ്ടാകണമെന്നും ആവശ്യമുണ്ട്.