കൊല്ലം: സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ് വനിതാ മതിലെങ്കിലും അത് മറച്ചുവയ്ക്കാൻ സർക്കാർ പണവും സംവിധാനവും ഇതിനുവേണ്ടി ധൂർത്തടിക്കുകയാണെന്ന് യുഡിഫ് ജില്ലാ നേതാക്കൾ ആരോപിച്ചു.പ്രളയത്തിന് ഇരയായി കിടപ്പാടം നഷ്ടപ്പെട്ടവർ ഇപ്പോഴും അന്യരുടെ വീടിന്റെ ടെറസിലും കട വരാന്തകളിലും അന്തിയുറങ്ങുന്പോഴാണ് സർക്കാരിന്റെ ഈ ധൂർത്ത്.
മാപ്പർഹിക്കാത്ത തെറ്റാണ് എൽഡിഎഫ് ഗവൺമെന്റ് ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന ഈ പരിപാടിയെ ശക്തിയുക്തം എതിർക്കേണ്ടത് നാടിനെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. സിപിഎമ്മിന്റെ ഈ സംരഭത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന ഒരു നടപടിയിലും യുഡിഎഫുമായി ബന്ധമുള്ളവർ ഏർപ്പെടാൻ പാടില്ല. മാത്രമല്ല എതിർത്ത് തോൽപ്പിക്കാൻ രംഗത്തിറങ്ങണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വിവേകശൂന്യമായ എടുത്തുചാട്ടവും പിടിവാശിയുമാണ്. അതിന് പിന്നിൽ ഗൂഡമായ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്.യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്റെ പകർപ്പ് പുറത്തുവരുന്നതിന് മുന്പ് അത് നടപ്പിലാക്കാനുള്ള നടപടികൾ അദ്ദേഹം തുടങ്ങിയത് ഈ രാഷ്ട്രീയലക്ഷ്യം കാരണമെന്നും നേതാക്കളായ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ജില്ലാ കൺവീനർ കെ.സി.രാജൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എന്നിവർ ആരോപിച്ചു.