എടക്കാട്: മുഴപ്പിലങ്ങാട് പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ പ്രദേശത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിക്കുന്നു. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. മുഴപ്പിലങ്ങാട് അസീസ് വില്ലാ റോഡിൽ ഡിസ്പൻസറിക്ക് സമീപത്തെ ഷംസു-സുഹറ ദമ്പതികളുടെ പൂട്ടിയിട്ട വീട്ടിലാണ് കവർച്ച നടന്നത്. ഒരു മാസത്തോളമായി വീട്ടുകാർ മുംബൈയിലാണ്.
ഇന്നലെ പുലർച്ചെയാണ് കവർച്ച നടന്നതെന്നാണ് സംശയം. എന്നാൽ, മോഷണവിവരം ബന്ധുക്കൾ അറിയുന്നത് ഇന്നലെ ഉച്ചയോടെയാണ്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് ഷെൽഫ് കുത്തിപ്പൊളിക്കുകയായിരുന്നു. ഷെൽഫിനകത്ത് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും 30 പവൻ സ്വർണാഭരണവും നഷ്ടപ്പെട്ടതായി ബന്ധുക്കൾ എടക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പ്രദേശത്തുണ്ടായിരുന്ന ഏതാനും ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നലെ രാവിലെ നാട്ടിലേക്ക് തിരിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് കവർച്ച നടന്ന പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കവർച്ച നടന്ന വീടിനു തൊട്ടടുത്തുള്ള തറവാട് വീട് പുതുക്കിപ്പണിയുന്നതിനാൽ ഇവിടെ നിരവധി ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ ദിവസേന ജോലിചെയ്യുന്നുമുണ്ട്. മോഷണം നടന്ന വീടിന്റെ മതിലിനകത്ത് തന്നെയാണ് തറവാട് വീടും. ഇവിടെ താമസിച്ചിരുന്ന ബന്ധുക്കൾ വീട് പുതുക്കിപ്പണിയുന്നതിനാൽ അല്പം മുന്നിലായി മറ്റൊരു വീട്ടിലാണ് താമസം. പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തിപരിശോധന നടത്തി.