മെൽബണ്‍: രണ്ട് മണിക്കൂറിലേറെ പെയ്ത മഴയെയും ഓസ്ട്രേലിയയെയും കീഴടക്കി മെൽബണിൽ ഇന്ത്യയുടെ പുതുവത്സരാഘോഷം. ചരിത്ര ജയത്തോടെ 2018നെ സാദരം പറഞ്ഞയച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ നേരത്തേതന്നെ പുതുവർഷമാഘോഷം നടത്തി.
മെൽബണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ 137 റണ്‍സിന്റെ മിന്നും ജയത്തോടെയാണ് ഇന്ത്യ പുതുവത്സരത്തെ സ്വാഗതം ചെയ്തത്. ഒരു ഓസീസ് പര്യടനത്തിൽ രണ്ട് ജയം നേടിയ ഇന്ത്യൻ ടീമിന്ന റിക്കാർഡും വിരാട് കോഹ്ലിയും കൂട്ടരും സ്വന്തമാക്കി. സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 443 ഡിക്ലയേഡ്, എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 ഡിക്ലയേഡ്. ഓസ്ട്രേലിയ 151, 261. പരന്പരയിൽ 2-1നു മുന്നിലെത്തിയ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസീസ് മണ്ണിൽ കിരീടം നേടാനുള്ള തയാറെടുപ്പിലാണ്.
മഴ മാറി മാനം തെളിഞ്ഞു…
ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിക്ക് മത്സരം ആരംഭിക്കേണ്ടതായിരുന്നെങ്കിലും മഴയെത്തുടർന്ന് അഞ്ചാം ദിനമായ ഇന്നലെ കളി മുടങ്ങി. രാവിലത്തെ സെഷൻ മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെഷനിൽ ഇന്ത്യ ജയം നേടി. കനത്ത മഴ പെയ്തേക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ ആശ്വാസത്തിൽ നാലാംദിനം അവസാനിപ്പിച്ച ഓസീസിന് പ്രതീക്ഷ നല്കി രാവിലെ ശക്തമായ മഴയെത്തി. അതോടെ ഇന്ത്യൻ ക്യാംപിൽ ആശങ്കയുടെ നിമിഷങ്ങൾ. ലഞ്ച് നേരത്തെയാക്കി.
മഴ ശമിച്ചതോടെ കളി തുടങ്ങി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 എന്ന നിലയിൽ ക്രീസിലെത്തിയ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകളും അഞ്ചാംദിനം തുടങ്ങി അഞ്ച് ഓവർ പൂർത്തിയാകുന്നതിനു മുന്‍പുതന്നെ വീഴ്ത്തി ഇന്ത്യ ജയമാഘോഷിച്ചു.
61 റണ്‍സുമായി ഇന്ത്യൻ ജയത്തിന് വിലങ്ങായി നിന്ന പാറ്റ് കമ്മിൻസിനെ ജസ്പ്രീത് ബുംറ ഫസ്റ്റ് സ്ലിപ്പിൽ ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ജയത്തിലേക്ക് അവസാന ചുവടുവച്ചു. 63 റണ്‍സുമായാണ് കമ്മിൻസ് മടങ്ങിയത്. അടുത്ത ഓവർ എറിയാനെത്തിയ ഇഷാന്ത് ശർമ നഥാൻ ലിയോണിനെ (ഏഴ് റണ്‍സ്) ഋഷഭ് പന്തിന്റെ ഗ്ലൗവിനുള്ളിൽ എത്തിച്ചു. അതോടെ കോഹ്ലിയും കൂട്ടരും മെൽബണിൽ ആനന്ദത്തിൽ ആറാടി.
മെൽബണിൽ മൂന്നാം ജയം
മെൽബണിൽ ഇന്ത്യ ജയം നേടുന്നത് മൂന്നാം തവണ. ഓസ്ട്രേലിയൻ പര്യടനത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ജയം നേടിയതും മെൽബണിൽ. 1977-78, 1981 വർഷങ്ങളിലും മുന്‍പ് ഇന്ത്യ മെൽബണിൽ വെന്നിക്കൊടി പാറിച്ചു. 1981ൽ സുനിൽ ഗാവസ്ക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഗ്രേഗ് ചാപ്പലിന്റെ ഓസ്ട്രേലിയയെ കീഴടക്കിയതിനും 37 വർഷങ്ങൾക്കുശേഷമാണ് മെൽബണിൽ ഇന്ത്യ മറ്റൊരു ജയം നേടുന്നത്.
ഓസീസ് പര്യടന ചരിത്രത്തിൽ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഈ പരന്പരയിലെ രണ്ടാമത്തേതും. പരന്പരയിലെ ആദ്യ ടെസ്റ്റിൽ അഡ്ലെയ്ഡിലും ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു.
പന്തിനു റിക്കാർഡ്
ഇന്ത്യക്കായി ഒരു പരന്പരയിൽ ഏറ്റവും അധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റിക്കാർഡ് ഇനി ഋഷഭ് പന്തിനു സ്വന്തം. പരന്പരയിൽ ഇതുവരെ 20 പേരെ പുറത്താക്കുന്നതിൽ പന്ത് പങ്കുവഹിച്ചു. ഒരു മത്സരത്തിൽ ഏറ്റവും അധികം പുറത്താക്കൽ എന്ന റിക്കാർഡ് ഈ പരന്പരിയിൽ യുവതാരം നേരത്തേ നേടിയതിനു പിന്നാലെയാണിത്.
38 വർഷം പഴക്കമുള്ളൊരു ഇന്ത്യൻ റിക്കാർഡാണ് ഇന്നലെ പന്ത് തിരുത്തിയത്. സയിദ് കിർമാണി (1980), നരേൻ തംഹാനെ (1955) എന്നിവരെയാണ് പന്ത് മറികടന്നത്. പരന്പരയിൽ ഒരു ടെസ്റ്റ് കൂടി അവശേഷിക്കുന്നതിനാൽ പന്തിന്റെ നേട്ടം ഇനിയും ഉയരും. ഈ പരന്പരയിൽ എല്ലാ ഇന്നിംഗ്സിലും 25 റണ്‍സിൽ കൂടുതൽ പന്ത് നേടുകയും ചെയ്തിരുന്നു.
അരങ്ങേറ്റ കലണ്ടർ വർഷത്തിൽ ഏറ്റവുമധികം പുറത്താക്കലുകളിൽ ലോക റിക്കാർഡിനൊപ്പവുമെത്തി ഇന്ത്യൻ യുവ താരം. മുൻ ഓസീസ് വിക്കറ്റ് കീപ്പർ ബ്രാഡ് ഹഡിനൊപ്പമാണ് (42 പേരെ പുറത്താക്കി) പന്ത്. പീറ്റർ നെവിൽ (36) വിൽ റൈറ്റ് (35) എന്നിവരെയാണ് യുവതാരം പിന്തള്ളിയത്.
ശാസ്ത്രിക്ക് ആശ്വാസം
മെൽബണ്‍ ജയം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കും ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ആശ്വാസദായകവുമാണ്. രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ടതിനുപിന്നാലെ സുനിൽ ഗാവസ്കർ ഉൾപ്പെടെ ഇവർക്കെതിരേ രംഗത്തെത്തിയിരുന്നു. ടീം തെരഞ്ഞെടുപ്പിലെയും തീരുമാനമെടുക്കുന്നതിലെയും പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ശാസ്ത്രിക്കും കോഹ്ലിക്കുമെതിരായ വിമർശനങ്ങൾ.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ഏഴിന് 443 ഡിക്ലയേഡ്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 151. ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: എട്ടിന് 106 ഡിക്ലയേഡ്.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: ഹാരിസ് സി അഗർവാൾ ബി ജഡേജ 13, ഫിഞ്ച് സി കോഹ്ലി ബി ബുംറ 3, ഖവാജ എൽബിഡബ്ല്യു ബി ഷാമി 33, ഷോണ്‍ മാർഷ് എൽബിഡബ്ല്യു ബി ബുംറ 44, ഹെഡ് ബി ഇഷാന്ത് 34, മിച്ചൽ മാർഷ് സി കോഹ് ലി ബി ജഡേജ 10, പെയ്ൻ സി പന്ത് ബി ജഡേജ 26, കമ്മിൻസ് സി പൂജാര ബി ബുംറ 63, സ്റ്റാർക്ക് ബി ഷാമി 18, ലിയോണ്‍ സി പന്ത് ബി ഇഷാന്ത് 7, എക്സ്ട്രാസ് 10, ആകെ 89.3 ഓവറിൽ 261.
ബൗളിംഗ്: ഇഷാന്ത് 14.3-1-40-2, ബുംറ 19-3-53-3, ജഡേജ 32-6-82-3, ഷാമി 21-2-71-2, വിഹാരി