റാന്നി: പുറന്പോക്ക് സ്ഥലത്തായിരുന്നു താമസം എങ്കിലും മണിയാര്‍ കുറ്റിയിൽ വീട്ടിൽ പുഷ്പക്കും ഭർത്താവ് ഷാജിക്കും പ്രളയത്തിന് മുന്‍പ് വരെ ആരും ഇറക്കിവിടാൻ വരില്ലെന്നൊരു സമാധാനം ഉണ്ടായിരുന്നു. എന്നാൽ പ്രളയത്തിൽ വീട് തകർന്നതോടെ ഇത് അസ്ഥാനത്തായി.
തുടര്‍ന്ന് പെരുനാട് പഞ്ചായത്ത് ഇവർക്ക് തരപ്പെടുത്തിയ അരീക്കകാവിലെ വീടിന്റെ വാടക പഞ്ചായത്ത് നാലു മാസമായിട്ടും നൽകാതായപ്പോൾ ഉടമസ്ഥന് ഇറങ്ങി കൊടുക്കണമെന്നാവശ്യം മുന്നോട്ട് വച്ചു. ഇതോടെ ഇനി എങ്ങോട്ടെന്ന് ഇവർക്കറിയില്ല. നാലു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലാണ് പുഷ്പ. ഒരു മാസം മരുന്നിന് മാത്രം 9000 രൂപ വേണം. ഭർത്താവ് കൂലിപ്പണി ചെയ്ത് കിട്ടുന്ന പണമാണ് മരുന്നിനും ചികിത്സക്കും ആശ്രയം.
ഓഗസ്റ്റ് 14 ന് ഉണ്ടായ പ്രളയത്തിൽ വെള്ളം ഇരച്ച് എത്തിയതോടെ കൈയിൽ കിട്ടിയതുമെടുത്ത് പുഷ്പയും ഭർത്താവ് ഷാജിയും ഓടി. ഓട്ടത്തിനിടയിൽ വർഷങ്ങളായി താമസിച്ചു വരുന്ന വീട് തകർന്ന് വീണ് ഒഴുകുന്നത് ഹൃദയം പൊട്ടിയാണ് ഇവർ കണ്ടത്. എല്ലാം നഷ്ടമായ ഇവർ രണ്ടാഴ്ച മണിയാർ സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞു. ക്യാമ്പ് കഴിഞ്ഞതോടെ പെരുവഴിയിലായി.
തുടർന്നാണ് പെരുനാട് പഞ്ചായത്ത് വടശേരിക്കര പഞ്ചായത്തിൽപെട്ട അരീക്കകാവിൽ വാടകയ്ക്ക് വീടെടുത്ത് നൽകിയത്. വീടും സ്ഥലവും നഷ്ടമായവർക്ക് പഞ്ചായത്തുകൾ വാടക വീട് കണ്ടെത്തി നൽകണമെന്ന സർക്കാർ നിർദ്ദേശപ്രകാരമാണ് വീട് നൽകിയത്. 4500 രൂപ വാടക നാല് മാസമായി പെരുനാട് പഞ്ചായത്ത് നൽകിയിട്ടില്ല. മറ്റൊരു പഞ്ചായത്തിലാണ് വാടക വീട് എന്നതാണ് പെരുനാട് പഞ്ചായത്ത് അധികൃതർ ഇപ്പോള്‍ തടസമായി പറയുന്നത്.
എന്നാൽ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രശ്നം ചർച്ച ചെയ്തെന്നും ഉടൻ വാടക നൽകാൻ നടപടിയുണ്ടാകുമെന്നും വാർഡംഗം പി.ടി രാജു പറയുന്നു. പ്രളയത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ പുഷ്പയും ഭർത്താവ് ഷാജിയും കളക്ടർക്കും പെരുനാട് വില്ലേജ് ഓഫീസിലും വീട് വയ്ക്കാൻ സ്ഥലത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. .