കുട്ടികളിലെയും കൗമാരക്കാർക്കിടയിലെയും മൊബൈൽ ഫോണ് ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്നു വിദഗ്ധർ. മൊബൈൽ ഫോണ് ഉപയോഗം കൂടാതെ ടാബ്ലെറ്റ്, ഗെയിം കൺസോൾ, ലാപ്ടോപ്, ടിവി അഡിക്ഷനും ശിശുക്കളിലും കൗമാരക്കാർക്കിടയിലും വർധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു.
മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്നു സ്ക്രീൻ അഡിക്ഷനു ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് സൈക്യാട്രി വിഭാഗത്തിൽ മൊബൈൽ ഫോണ്-ഡിജിറ്റൽ സ്ക്രീൻ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വർധിച്ചെന്നു കണക്കുകൾ പറയുന്നു.
കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ജോലിത്തിരക്കുള്ള മാതാപിതാക്കൾ കണ്ടെത്തിയ വിദ്യയാണ് കൈയിൽ ഒരു സ്മാർട് ഫോണോ ടാബോ നൽകുകയെന്നത്. മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.ജയപ്രകാശ് പറയുന്നു.
ഗുരുതര പ്രത്യാഘാതം
അഡിക്ഷനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ കുട്ടികളിലുണ്ടാക്കുന്നതിന് അമിതമായ സ്ക്രീൻ ഉപയോഗത്തിനാകുമെന്നു കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തിയ പ്രമുഖ അമേരിക്കൻ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കർദരസ് പറയുന്നു. സിഗരറ്റ് പായ്ക്കറ്റിന്റെയും മദ്യക്കുപ്പിയുടെയും പുറത്തു കൊടുക്കുന്ന മുന്നറിയിപ്പു പോലെ അമിതമായി സ്ക്രീൻ ഉപയോഗം കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഡിജിറ്റൽ വിനോദോപാധിയിൽ പതിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. സ്ക്രീൻ എന്നാൽ ഡിജിറ്റൽ ഹെറോയിൻ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. യഥാർഥ ഹെറോയിൻ അഡിക്ടുകളെ ചികിത്സിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. സ്ക്രീൻ അഡിക്ടുകളെ ചികിത്സിക്കാനെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
നേത്രരോഗങ്ങൾ
കാഴ്ചയുടെ വിശാലത നഷ്ടമാകുന്നതോടെ കുട്ടികൾക്കു നേത്രരോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. അമിതമായ സ്ക്രീൻ ഉപയോഗം കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന നേത്രരോഗത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാഴ്ചയുടെ ദൂരക്കുറവാണ് ഇവിടെ കണ്ണിനെ ബാധിക്കുന്നത്. 25 സെന്റിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെയാണ് സാധാരണ കാഴ്ചയുടെ ദൂരം. എന്നാൽ, ഇതിൽ കുറഞ്ഞ ദൂരത്തിലാണ് സ്ക്രീനിന്റെ ഉപയോഗം. ഇമവെട്ടാതെയുള്ള സ്ക്രീനിലേക്കുള്ള നോട്ടം കൃഷ്ണമണിക്കു മുകളിലെ ദ്രവ പാളിയിലെ നനവ് ബാഷ്പീകരിച്ചു പോകുന്നതിനു കാരണമാകുന്നു. ഇതു കണ്ണുകൾക്കു വലിയ സമ്മർദമാണുണ്ടാക്കുന്നത്.
ഭാവനയില്ലാത്തവർ
കേൾക്കുന്ന കാര്യങ്ങളിൽ നിന്നും വായിക്കുന്നവയിൽ നിന്നും ഭാവനയിൽ ദൃശ്യങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് സ്ക്രീൻ കണ്ടു വളരുന്ന കുട്ടികൾക്ക് നഷ്ടമാകുന്നുവെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. സ്ക്രീനിൽ റെഡിമെയ്ഡായി കാണുന്ന കാഴ്ചകൾക്കപ്പുറം മറ്റൊന്നും അവരിൽ താൽപര്യമുണർത്താതെ പോകുകയും ചെയ്യും. മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയുംവരെ സ്ക്രീൻ അഡിക്ഷൻ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തൽ.
അപകടകാരിയായ കളിപ്പാട്ടം
ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണ് കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. ശിശുക്കൾക്കും കുട്ടികൾക്കും മൊബൈൽ ഫോണ്, ടാബ്ലെറ്റ്, ഗെയിം കണ്സോൾ, ലാപ്ടോപ് എന്നിവ കളിപ്പാട്ടമായി നൽകുന്ന മാതാപിതാക്കളും കുറവല്ല. എന്നാൽ, രണ്ടു വയസിനു മുൻപ് ഒരു കാരണവശാലും കുട്ടികളെ സ്ക്രീനിനു മുന്നിൽ ഇരുത്തരുതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.ജയപ്രകാശ് പറയുന്നു. ഇതു കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
കുട്ടികളുടെ വളർച്ചയ്ക്കു പ്രകൃതിദത്തമായ പരിസ്ഥിതിയാണു വേണ്ടത്. എന്നാൽ, കുട്ടികൾ ആർട്ടിഫിഷ്യൽ ആയി വളരുന്നത് അവരുടെ ആരോഗ്യത്തെയും തലച്ചോറിന്റെ വളർച്ചയെയും ബാധിക്കുന്നു.
യാതൊരു സ്ക്രീനുകളും കുട്ടികൾക്കു നൽകരുത്
ടെലിവിഷൻ ഉൾപ്പെടെയുള്ള യാതൊരു സ്ക്രീനുകളും കുട്ടികൾക്കു നൽകരുത്. മുമ്പൊക്കെ പരീക്ഷാക്കാലമാകുമ്പോൾ ടെലിവിഷൻ കേബിൾ കട്ട് ചെയ്യുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു കുടുംബത്തിലും മൊബൈൽ ഫോണ് ഒഴിവാക്കാനാകാത്ത അവസ്ഥയാണ്. ശിശുക്കളിൽ പ്രത്യക്ഷത്തിൽ വലിയ പ്രശ്നം തോന്നില്ലെങ്കിലും വളർച്ചയുടെ പ്രായത്തിൽ ലൈംഗിക ദുരുപയോഗങ്ങൾക്കും അക്രമവാസനയ്ക്കും കാരണമാകുന്നു.
– ഡോ.ടി.വി.അനിൽകുമാർ (പ്രഫസർ ഓഫ് സൈക്യാട്രി മെഡിക്കൽ കോളജ്,
തിരുവനന്തപുരം)
സ്ക്രീൻ അഡിക്ഷനുമായി എത്തുന്നതു നിരവധിപ്പേർ
തിരുവനന്തപുരം: സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടു നിരവധി കുട്ടികളാണ് ഇപ്പോൾ ഡിഅഡിക്ഷൻ സെന്ററിലെത്തുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന മൊബൈൽ ഫോണ് പിന്നീടു കുട്ടികളുടെ കൈയിൽ നിന്നു വാങ്ങാനാകാത്ത അവസ്ഥ വരുന്നു. പുകയില പോലെയോ മറ്റു മയക്കു മരുന്നുകൾ പോലെയോ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് പിന്നീടു കാണുന്നത്.
മൊബൈലോ ടാബോ ലഭിക്കാതെ വരുന്നതോടെ മാതാപിതാക്കളോടു വളരെ മോശമായി പെരുമാറുന്ന കുട്ടികളും നിരവധി. മൊബൈൽ ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക അവസ്ഥയിലേക്കെത്തുന്ന കുട്ടികളെയാണു കാണുന്നത്. ചെറുതായി ഒന്ന് അടക്കി നിർത്താൻ വേണ്ടി കുരുന്നുകൾക്കു മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ അറിഞ്ഞോ അറിയാതെയോ വലിയ തെറ്റാണ് ചെയ്യുന്നത്. ഈ ഡിജിറ്റൽ ലോകത്തു നിന്നു കുട്ടികളെ തിരികെയെത്തിക്കുക പ്രയാസമാണ്.
-ഫാ. പി. ഡി. തോമസ്, ഡയറക്ടർ, ചൈൽഡ് ലൈൻ
റിച്ചാർഡ് ജോസഫ്