നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു പോയ രോഗിയുമായി എത്തിയ ആംബുലൻസിന് മുന്നിലുള്ള വാഹനങ്ങൾ മാറ്റി വഴിയൊരുക്കിയ പോലീസുകാരന് അഭിനന്ദന പ്രവാഹം. കോട്ടയം എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറും ഏറ്റുമാനൂർ കണ്ട്രോൾ റൂമിലെ പോലീസുകാരനുമായ രഞ്ജിത്കുമാർ രാധാകൃഷ്ണൻ വാഹനത്തിരക്കിലൂടെ ഓടി വഴിയൊരുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത്.
കഴിഞ്ഞ 26ന് വൈകുന്നേരം 5.30-നാണു ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി അലാറം-മുഴക്കി ആംബുലൻസ് എംസി റോഡിലുടെ പുളിമൂട് ജംഗ്ഷനിൽ എത്തുന്നത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്കുമാർ മറ്റൊന്നും നോക്കാതെ ഗതാഗതക്കുരുക്കിൽ കിടന്ന മറ്റു വാഹനങ്ങൾ ഇരുവശങ്ങളിലേക്കും മാറ്റാൻ നിർദേശം നല്കി ആംബുലൻസിനു കടന്നു പോകാൻ വഴിയൊരുക്കുകയായിരുന്നു.
എംസി റോഡിൽ ബിഎസ്എൻഎൽ ഓഫീസ് മുതൽ പുളിമൂട് ജംഗ്ഷനിലൂടെ തിരുനക്കര മൈതാനം വരെയുള്ള ഭാഗത്ത് റോഡിലുണ്ടായിരുന്ന വാഹനങ്ങൾ ഇരുവശത്തേക്കും മാറ്റിയാണ് ആംബുലൻസ് കടത്തിവിട്ടത്. ആംബുലൻസ് കടത്തിവിടുന്ന ദൃശ്യം യാത്രക്കാരിൽ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയായിലുടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറലായത്.
ഇതോടെ വിവിധ കോണുകളിൽ നിന്നും രഞ്ജിത്കുമാറിനു അഭിനന്ദനപ്രവാഹമാണ്. വൈക്കം കുലശേഖരമംഗലം ഭാനുനിവാസിൽ രാധാകൃഷ്ണൻ-രത്നമ്മ ദന്പതികളുടെ മകനാണ് രഞ്ജിത്. ഭാര്യ: കെ.ആർ. ശ്രീദേവി വൈക്കം ആശ്രമം സ്കൂളിലെ അധ്യാപികയാണ്.