കോട്ടയം: വൈകുന്നേരം കുട്ടികളുമൊത്ത് അൽപസമയം ചെലവഴിക്കാൻ കോട്ടയത്ത് എവിടെയെങ്കിലും ഇടമുണ്ടോ…? ടൂറിസം സാധ്യതകൾ ധാരാളമുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അധികൃതർക്കാവുന്നില്ല. നഗരമധ്യത്തിലുള്ള മുനിസിപ്പൽ പാർക്ക് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. പുതുവർഷത്തിൽ തുറക്കും എന്നു പറയുന്നുണ്ടെങ്കിലും തീർച്ചയില്ല. വൈകുന്നേരങ്ങളിൽ കുട്ടികളുമായി വരുന്നവർ ആശ്രയിച്ചിരുന്നത് മുനിസിപ്പൽ പാർക്കിനെയായിരുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ടതോടെ അവിടേക്കും പോകേണ്ടതില്ല.
കോടിമത ബോട്ട് ജെട്ടിയിൽ ഇരിക്കാനും വിശ്രമിക്കാനുമൊക്കെ സംവിധാനമൊരുക്കിയെങ്കിലും അതും ഫലപ്രദമായില്ല. തുടക്കത്തിൽ ആളുകൾ വന്നു പോയിരുന്നു. ഇപ്പോൾ അതും വിസ്മൃതിയിലായി. കച്ചേരിക്കടവിൽ പുതുതായി നിർമിച്ച വാട്ടർ ഹബ് പണി പൂർത്തിയായിട്ടും തുറക്കുന്നില്ല. ഇപ്പോൾ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണത്തിനു കോടികൾ അനുവദിച്ചിട്ടുണ്ട്.
കോട്ടയത്ത് ഇപ്പോൾ ആകെയുള്ളത് കാഞ്ഞിരം മലരിക്കൽ പ്രാദേശിക ടൂറിസവും മണർകാട്ടെ നാലുമണിക്കാറ്റുമാണ്. ഇതു രണ്ടും ജനകീയ സംരംഭങ്ങളാണ്. ഇവിടെ സർക്കാരിനോ ടൂറിസം വകുപ്പിനോ വലിയ റോളില്ല. വേന്പനാട്ട് കായലിലൂടെ ഒഴുകി നടക്കുന്ന ജലയാനങ്ങൾ രാത്രിയിൽ കായലോരത്താണു പാർക്ക് ചെയ്യുന്നത്. ഇത്തരം വഞ്ചികൾ കോടിമതയിൽ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയാൽ കോട്ടയത്തുകാർക്കും പ്രയോജനമുണ്ടാകും.
ധാരാളം ടൂറിസ്റ്റുകൾ കോടിമതയിലും കോട്ടയത്തും എത്തും. വഞ്ചി അടുക്കാനും ആളുകൾക്ക് ഇറങ്ങാനും സൗകര്യങ്ങളുണ്ടാക്കണം. വർഷങ്ങൾക്ക് മുൻപ് കോട്ടയം നഗരം ചുറ്റി ബോട്ടിംഗ് നടത്താനുള്ള ഒരു പദ്ധതിയുണ്ടായിരുന്നു ടൂറിസം വകുപ്പിന്. അന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായതാണ്.
കൊടൂരാറ്റിലെ കോടിമതയിൽ തുടങ്ങി കിഴക്കോട്ട് വന്ന് കഞ്ഞിക്കുഴി തോട്ടിലൂടെ കടന്നു മീനച്ചിലാറ്റിൽ കടന്ന് അവിടെനിന്നു പടിഞ്ഞാറോട്ട് പോയി വീണ്ടും കൊടൂരാറ്റിൽ വന്നു ചേരുന്നതായിരുന്നു പദ്ധതി. പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി തോടിന്റെ ആഴം വർധിപ്പിച്ചു വെള്ളം കയറ്റി സ്പീഡ് ബോട്ട് ഓടിക്കാനാണു വിഭാവനം ചെയ്തത്. കേട്ടാൽ മനോഹരമായ പദ്ധതി. പദ്ധതി കടലാസിൽനിന്നു പുറത്തേക്കു വന്നില്ല.