കരുനാഗപ്പള്ളി: കുലശേഖരപുരം പുത്തൻ തെരുവിൽ ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ദുരന്തത്തിന് ഇന്നേക്ക് ഒൻപത് വയസ് .അഗ്നിഗോളം വിഴുങ്ങിയ തീരാവേദനകളുമായി ഇപ്പോഴും നിരവധി കുടുംബങ്ങൾ ജീവിതം തള്ളിനീക്കുന്നു .രക്ഷാപ്രവർത്തകർ അടക്കം 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത് .ദുരന്തത്തിന് കാരണമായ ഗ്യാസ് ടാങ്കർലോറി ഇപ്പോഴും ബാക്കിപത്രമായി പുത്തൻതെരുവ് ദേശീയപാതയോരത്ത് കാടുമൂടി കിടക്കുന്നു. ടാങ്കർലോറി അപകടം ദേശീയപാതയിൽ പതിവായി തുടരുകയാണ്.
സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഇപ്പോഴും അശ്രദ്ധമായി ദേശീയപാതയിൽ കൂടി ടാങ്കർ ലോറികൾചീറിപ്പായുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. അന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയ കരുനാഗപ്പള്ളി ഫയർസ്റ്റേഷനു ഇനിയും ശാപ മോക്ഷം ലഭിക്കാതെ ദുരിതക്കയത്തിൽ കഴിയുകയാണ് .2009 ഡിസംബർ 31ന് പുലർച്ചെയാണ് കരുനാഗപ്പള്ളി പുത്തൻ തെരുവിൽ ദേശീയപാതയിൽ മരണമണി മുഴക്കി ടാങ്കർലോറി കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞത്.
പാചക വാതക ചോർച്ചയെ തുടർന്ന് ടാങ്കറിലെ വാൽവ് പൊട്ടിത്തെറിച്ചുണ്ടായ അഗ്നിയിൽ 12 മനുഷ്യജീവനുകളാണ് നഷ്ടമായത് .ടാങ്കർ മറിഞ്ഞത് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയാവരാണ് മരണത്തിന് കീഴടങ്ങിയത് .സ്വന്തം ജീവനും കുടുംബവും നഷ്ടപ്പെട്ടാലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിന് ഓടിയെത്തിയത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, പോലീസുദ്യോഗസ്ഥരും, ഇവരോടൊപ്പം രക്ഷകരായി എത്തിയ നാട്ടുകാരുമാണ് അഗ്നിയിൽ വെന്തു മരിച്ചത് .
ഇപ്പോഴും കരുനാഗപ്പള്ളി നിവാസികൾ ദുരന്തത്തിന്റെ ഭയപ്പാടിൽ നിന്നും മോചിതരായിട്ടില്ല .ഭീതിയുടെ നിഴലിൽ ജീവിതം തള്ളിനീക്കുകയാണ് .സുനാമി ദുരന്തത്തിന് ശേഷം കരുനാഗപ്പള്ളിയിൽ ഉണ്ടായ മറ്റൊരു വലിയ ദുരന്തമായിരുന്നു ഗ്യാസ് ടാങ്കർ അപകടം .ചവറ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരും കായംകുളം ഫയർസ്റ്റേഷനിലെ ഫയർമാൻ ,സമീപത്തെ കശുവണ്ടി ഫാക്ടറിയിലെ ജോലിചെയ്തുവന്ന അന്യസംസ്ഥാനക്കാരായ മൂന്നുപേരും ഇവിടുത്തെ ക്ലർക്കായി ജോലി നോക്കിയിരുന്ന ആയുർ സ്വദേശിയും ,കുന്നത്തൂർ സ്വദേശി സെക്യൂരിറ്റി ജീവനക്കാരനും നാട്ടുകാരായ അഞ്ചുപേരുമാണ് ദുരന്തത്തിൽ മരണമടഞ്ഞത് .
കരുനാഗപ്പള്ളി ഫയർസ്റ്റേഷനിലെ ഓഫീസർ പി.സി വിശ്വനാഥ് ,കായംകുളം ഫയർസ്റ്റേഷനിലെ വിനോദ് കുമാർ പുത്തൻതെരുവ് സ്വദേശി സജീവ് എന്നിവരും ഇപ്പോഴും ദുരന്തം നൽകിയ പാടുകളുമായി കഴിയുന്നു .പുത്തൻതെരുവ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങൾക്കും സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടായി .ഇതോടൊപ്പം നിരവധി വാഹനങ്ങൾ കത്തി അമരുകയും ചെയ്തിരുന്നു .
മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുന്നതിൽ മാറിമാറിവരുന്ന സർക്കാരുകൾ വേണ്ട ശ്രദ്ധ പുലർത്തുന്നില്ല .പുത്തൻതെരുവ് ജംഗ്ഷൻ പഴയ സ്ഥിതിയിൽ ആയെങ്കിലും ദുരന്തത്തിന് ഇടയാക്കിയ ടാങ്കർ ഇപ്പോഴും ഇവിടുത്തെ ജനങ്ങൾക്ക് ഭീതി ഉളവാക്കി കാടുമൂടി കിടക്കുകയാണ് .ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ സ്ഥിതി ദയനീയമാണ്. കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ച പലരും.
രാത്രിയിൽ സമീപത്തെ മത്സ്യ കമ്മീഷൻ കടകളിൽ ജോലിയിൽ ഏർപ്പെട്ടവർ ടാങ്കർ മറിഞ്ഞ സംഭവമറിഞ്ഞതോടെ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ അഗ്നിയിൽ വെന്തു മരിക്കുകയാണ് ചെയ്തത്. ദുരന്ത വാർഷികത്തിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്കൊപ്പം സർക്കാരിന്റെകനിവ് കാത്തിരിക്കുകയാണ് ഇവരുടെ കുടുംബം .
കേസന്വേഷണം നടത്തിയ ടി. എസ് സേവിയർ ഒന്നരവർഷത്തിനുശേഷം കുറ്റപത്രം കരുനാഗപ്പള്ളി കോടതിയിൽ സമർപ്പിച്ചെങ്കിലും പിന്നീട് കരുനാഗപ്പള്ളി കോടതിയിൽ നിന്നും ജില്ലാ കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. നാലുപേരെ പ്രതികളാക്കിയാണ് കേസെടുത്തത് .വാഹനത്തിന് പഴക്കവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ആണ് പ്രാഥമിക ഘട്ടത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം പാചകവാതകവുമായി പോകുന്ന ടാങ്കർലോറി ഭീതി ഉയർത്തിയാണ് ഇപ്പോഴും ദേശീയപാതയിൽ കൂടി കടന്നു പോകുന്നത് .