വ്യവസായരംഗത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോയത്. ആഗോളതലത്തിൽത്തന്നെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന നിരവധി സംഭവങ്ങൾ 2018 സാക്ഷ്യം വഹിച്ചു. കഴിഞ്ഞുപോയ വർഷത്തെ പ്രധാന വ്യാവസായിക സംഭവങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.
റിസർവ് ബാങ്കിലെ പൊട്ടലും ചീറ്റലും
കേന്ദ്ര സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായിരുന്ന ഉർജിത് പട്ടേൽ ഡിസംബർ പത്തിന് രാജിവച്ചു. ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ കൈവയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമാണ് ഉർജിത് പട്ടേലിന്റെ രാജിയിൽ അവസാനിച്ചത്. പട്ടേലിന്റെ രാജി ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ ശക്തികാന്ത ദാസിനെ ആർബിഐയുടെ 25-ാം ഗവർണറായി നിയമിച്ചു. മൂന്നു വർഷം കാലാവധിയാണ് തമിഴ്നാട് കേഡർ ഐഎഎസ് ഓഫീസറായ ദാസിനുള്ളത്.
വാൾമാർട്ടിനു കീഴിൽ ഫ്ലിപ്കാർട്ട്
അമേരിക്കൻ റീട്ടെയ്ൽ ശൃംഖലയായ വാൾമാർട്ട് ഇന്ത്യൻ ഓണ്ലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരി സ്വന്തമാക്കിയത് കഴിഞ്ഞ വർഷമായിരുന്നു. 1600 കോടി ഡോളറാണ് വാൾമാർട്ട് ഇതിനായി ചെലവഴിച്ചത്.
ഉയർന്നും താണും ഓഹരിവിപണി
ഓഹരിവിപണികളിൽ ഉയർച്ചയുടെയും താഴ്ചയുടെയും വർഷമായിരുന്നു 2018. സെൻസെക്സ് സർവകാല റിക്കാർഡ് ആയ 38,989.65 പോയിന്റ് വരെ കയറി. നിഫ്റ്റി സൂചിക താഴ്ന്ന നിലവാരമായ 9951ൽനിന്ന് 11,760.20 വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ചു.
ശോഭ കുറഞ്ഞ് ഇന്ത്യൻ രൂപ
ഇന്ത്യൻ രൂപ റിക്കാർഡ് തകർച്ച നേരിട്ട വർഷമായിരുന്നു 2018. വർഷാരംഭത്തിലെ 63.21ൽനിന്ന് രൂപയുടെ നിരക്ക് 74.45 വരെ ഇടിഞ്ഞു. അമേരിക്ക- ചൈന വ്യാപാരയുദ്ധവും ക്രൂഡ് ഓയിലിന്റെ വിലക്കയറ്റവുമെല്ലാം ഇന്ത്യൻ കറൻസിയെ തളർത്തി. എന്നാൽ, വർഷാവസാനത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ ഇന്ത്യൻ രൂപയുടെ തിളക്കം മടങ്ങിവരുന്ന സൂചനകളാണ് കാണുന്നത്.
ആധാർ നിർബന്ധമല്ല
രാജ്യത്തെ പൗരന്മാർക്ക് അവർക്ക് അവകാശപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി വിധിച്ചു. ഇതോടെ രാജ്യത്തെ മൊബൈൽ ഉപയോക്താക്കളെല്ലാം തങ്ങളുടെ മൊബൈൽ നന്പറുകൾ ആധാറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് അസാധുവായി.
അംബാനിയും കുടുംബവും
പതിവുപോലെ ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയും കുടുംബവും ഈ വർഷവും വാർത്തകളിൽ നിറഞ്ഞു. ലോക ശതകോടീശ്വരന്മാരിൽ പത്തൊൻപതാം സ്ഥാനത്തേക്ക് ഉയരാൻ മുകേഷ് അംബാനിക്ക് കഴിഞ്ഞ വർഷം സാധിച്ചു.
റിലയൻസ് ജിയോയിലൂടെ 2017ൽ മൊബൈൽ നെറ്റ്വർക്ക് രംഗം കീഴടക്കിയ റിലയൻസ് തങ്ങളുടെ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ജിഗാഫൈബറിന്റെ പ്രഖ്യാപനം നടത്തിയത് കടന്നുപോയ വർഷമായിരുന്നു. പദ്ധതിയുടെ ലോഞ്ചിംഗ് ഓഫറായി ആദ്യ മൂന്നു മാസം സൗജന്യ ബ്രോഡ്ബാൻസ് സേവനമാണ് ജിയോ ജിഗാഫൈബർ വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ വർഷം ലോകം കണ്ട ഏറ്റവും ആഢംബര വിവാഹങ്ങളിൽ ഒന്നായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹം. പ്രമുഖ വ്യവസായ ശൃഖലയായ പിരാമൽ ഗ്രൂപ്പിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമലായിരുന്നു വരൻ.
അംബാനി സഹോദരന്മാരിൽ ഇളയവനായ അനിൽ അംബാനിയുടെ പേര് റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊപ്പം മാത്രമാണ് ഈ വർഷം ഉയർന്നു കേട്ടത്.
ഏകതാ പ്രതിമ
3000 കോടി രൂപ മുതൽമുടക്കിൽ ഗുജറാത്തിൽ നിർമിച്ച സർദാർ വല്ലഭായി പട്ടേൽ പ്രതിമയാണ് ഏകതാ പ്രതിമ എന്നറിയപ്പെടുന്നത്. ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 600 അടി ഉയരമുള്ള പ്രതിമ 33 മാസങ്ങൾക്കൊണ്ടാണ് നിർമിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന റിക്കാർഡ് ഈ പ്രതിമയ്ക്കാണ്.
ഇകിയ ഇന്ത്യയിൽ
ഓഗസ്റ്റ് ഒന്പതിന് സ്വീഡിഷ് ഫർണിച്ചർ ഭീമൻ ഇകിയ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യയിലെ ഇടത്തരം സാന്പത്തികമേഖലയിൽ വളർച്ച ലക്ഷ്യംവച്ചാണ് 520 കോടി ഡോളറിന്റെ നിക്ഷേപവുമായി ഇകിയ ഹൈദരാബാദിൽ സ്റ്റോർ തുറന്നിരിക്കുന്നത്. അടുത്ത സ്റ്റോർ ഈ വർഷം മുംബൈയിൽ തുറക്കുമെന്നാണ് പ്രഖ്യാപനം.
വാഹനവിപണിയിലും തരംഗം
നിരവധി പുതിയ മോഡലുകളുമായി വാഹനവിപണി സജീവമായ വർഷമായിരുന്നു കടന്നുപോയത്. പുതിയ മോഡലുകൾക്കൊപ്പം ചില ഫേസ്ലിഫ്റ്റ് മോഡലുകളും നിർമാതാക്കൾ അവതരിപ്പിച്ചു.
മാരുതി സുസുകി സ്വിഫ്റ്റ്
മാരുതി സുസുകി മൂന്നാം തലമുറ സ്വിഫ്റ്റിനെ വിപണിയിലെത്തിച്ചു. വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ഈ മോഡൽ ടോപ് സെല്ലിംഗ് വിഭാഗത്തിൽത്തന്നെയാണ് കുതിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യൻ കാർ ഓഫ് ദി ഇയർ 2018 അവാർഡും ഈ മോഡൽ നേടി.
ഹ്യുണ്ടായ് സാൻട്രോ
വിപണിയിൽനിന്ന് പിൻവലിച്ച് നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം ഹ്യുണ്ടായി സാൻട്രോയെ ഇന്ത്യൻ മാർക്കറ്റിന് പരിചയപ്പെടുത്തി. വാഹനപ്രേമികളുടെ നിരന്തര ആവശ്യങ്ങൾ പരിഗണിച്ചായിരുന്നു സാൻട്രോയുടെ രണ്ടാം വരവ്.
പുതിയ മാരുതി എർട്ടിഗ
എർട്ടിഗയുടെ രണ്ടാം തലമുറ വാഹനം പുതിയ രൂപത്തിലും ഭാവത്തിലും നിരത്തിലെത്തി. ബ്രാൻഡ് ന്യൂ ഹാർട്ടെക്ട് പ്ലാറ്റ്ഫോമിൽ വിരിഞ്ഞ എർട്ടിഗയിൽ പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹീന്ദ്ര മറാസോ
എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആദ്യമായി അവതരിപ്പിച്ച മൾട്ടി പർപ്പസ് വാഹനം (എംപിവി). സ്രാവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഡിസൈൻ. ഗ്ലോബൽ എൻസിഎപി സുരക്ഷാ പരിശോധനയിൽ 4 സ്റ്റാർ ലഭിക്കുന്ന ആദ്യ മേഡ് ഇൻ ഇന്ത്യ എംപിവി എന്ന വിശേഷണവും മറാസോയ്ക്കു സ്വന്തം.
മഹീന്ദ്ര ആൾട്ടുറാസ് ജി4
മഹീന്ദ്രയിൽനിന്ന് ഏറ്റവും ഒടുവിലെത്തിയ വാഹനം. ലക്ഷ്വറി ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ആൾട്ടുറാസ് ജി4ന് എക്സ്യുവി 500നു മുകളിലാണ് സ്ഥാനം.