ധാക്ക: ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏകദിന ടീം നായകൻ മഷ്റഫെ മുർതാസയ്ക്ക് തകർപ്പൻ ജയം. നരെയ്ൽ സ്വദേശിയായ മുർതാസ, അവിടെ നിന്നുതന്നെ ജനവിധി നേടി. പോൾ ചെയ്ത വോട്ടിൽ 96 ശതമാനവും സ്വന്തമാക്കിയാണു മുർതാസ പാർലമെന്റിലെത്തുന്നത്.
അവാമി ലീഗ് സ്ഥാനാർഥിയായ മുർതാസയ്ക്ക് 274,418 വോട്ട് ലഭിച്ചപ്പോൾ ജാതിയ ഒകിയ ഫ്രണ്ട് സ്ഥാനാർഥി ഫരീദുസ്മാന് 8,006 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ദേശീയ ടീമിൽ കളിക്കുന്ന താരം ഇതാദ്യമായാണ് പാർലമെന്റ് അംഗമാകുന്നത്.
നയ്മൂർ റഹ്മാൻ ദുർജോയ്ക്കുശേഷം പാർലമെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് മുർതാസ. പാർലമെന്റിലെത്തുന്ന ആദ്യ ആക്ടീവ് ക്രിക്കറ്ററും മുർതാസയാണ്.