ശബരിമല: സന്നിധാനത്ത് സുരക്ഷാ ചുമതല നിര്‍വഹിക്കാന്‍ 50 വയസിനു മുകളിലുള്ള ആറു വനിതാ പോലിസ് ഉദ്യോഗസ്ഥര്‍. പ്രത്യേക പോയിന്റുകളിലല്ലാതെ ജോലി ചെയ്യുന്ന ഇവരുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് പ്രയോജനപ്പെടുത്തുക. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് എസ്ഐ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥര്‍. 16 വരെ ഇവര്‍ സന്നിധാനത്ത് തുടരും.
പമ്പയില്‍ 84ഉം നിലയ്ക്കലില്‍ 88ഉം വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പമ്പയില്‍ മാത്രം 12 വനിതാ എസ്ഐമാരുണ്ട്. മകരവിളക്ക് മഹോത്സവ കാലത്ത് സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ സന്നിധാനത്തെ 2,280 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പുറമെ പമ്പയിലും നിലയ്ക്കലിലും കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചു.
പമ്പയില്‍ ആറു ഡിവൈഎസ്പിമാരുടെ കീഴില്‍ 18 സിഐമാര്‍ക്കാണ് സുരക്ഷാ ചുമതല. 110 എസ്ഐമാരും 725 സിവില്‍ പോലിസ് ഓഫിസര്‍മാരും ഇവര്‍ക്കു കീഴിലുണ്ട്. നിലയ്ക്കലില്‍ എട്ടു ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ 17 സിഐമാര്‍, 103 എസ്ഐമാര്‍, 605 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നു.