സി.സി.സോമൻ
കോട്ടയം: ബാങ്കിൽ നിന്നാണെന്നു പറഞ്ഞു വിളിച്ച് ഒടിപി നന്പർ ചോദിച്ച് മനസിലാക്കിയ ശേഷം അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അഞ്ചുപേരെ ജാർഖണ്ഡിൽ അന്വേഷണത്തിനെത്തിയ കേരള പോലീസ് തിരിച്ചറിഞ്ഞു. പോലീസ് അന്വേഷിച്ചെത്തിയ വിവരം ചോർന്നു കിട്ടിയ പ്രതികൾ സ്ഥലത്തു നിന്ന് മുങ്ങി. 10 ദിവസമായി കോട്ടയം പോലീസ് ജാർഖണ്ഡിൽ തങ്ങുകയാണ്.
പ്രതികളെ അറസ്റ്റു ചെയ്തു കേരളത്തിലേക്ക് കൊണ്ടുവരാനാണ് അന്വേഷണ സംഘം അവിടെ തങ്ങുന്നത്. എന്നാൽ കേരളാ പോലീസിന്റെ സാന്നിധ്യം മനസിലാക്കി പ്രതികൾ പലായനം ചെയ്തിരിക്കുകയാണ്. പതിനെട്ടിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതികൾ. ജാർഖണ്ഡിലെ ജംധാര ജില്ലയിലുള്ളവരാണ് ഇവർ. ജംധാര പോലീസിന്റെ സഹായത്തോടെയാണ് കേരളാ പോലീസ് അന്വേഷണം നടത്തുന്നത്.
രണ്ടു മാസം മുൻപാണ് കോട്ടയത്തെ രണ്ട് കോളജ് അധ്യാപകരുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായത്. ഈ കേസിന്റെ അന്വേഷണത്തിനാണ് നാലംഗ പോലീസ് സംഘം ജാർഖണ്ഡിലേക്ക് പോയത്. അധ്യാപകരുടെ ഫോണിലേക്കുള്ള കോൾ എത്തിയത് ജാർഖണ്ഡിലെ ജംധാരയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പോലീസ് സംഘം അവിടേക്കു പോയത്.
കേരളാ പോലീസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത്. വെറും 18 വയസ് പ്രായമുള്ള ചെറുപ്പക്കാരാണ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. ജംധാരയെന്നത് ദരിദ്രമായ ഒരു ജില്ലയാണ്. കൃഷിയും വ്യവസായവും ഒന്നുമില്ല. ഒരു പണിയുമില്ലാത്ത ചെറുപ്പക്കാർ എടിഎം തട്ടിപ്പിലൂടെയാണ് പണമുണ്ടാക്കുന്നത്.
ഇംഗ്ലീഷ് അറിയാത്ത യുവാക്കൾക്ക് പറയാനുള്ള വാചകങ്ങൾ എഴുതി നല്കിയിരിക്കുകയാണ്.
അത് നോക്കി വായിക്കുകയാണ് ചെയ്യുന്നത്. ദിവസം നൂറും ഇരുനൂറും പേരെ വിളിക്കും. അതിൽ ഒന്നോ രണ്ടോ പേരാകും തട്ടിപ്പിനിരയാവുക. ഒടിപി നന്പർ പറയുന്നതോടെ ഫോണ് കട്ടാകും. അപ്പോൾ തന്നെ മൊബൈൽ ബാങ്കിംഗ് മുഖേന അവരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ഒഴുകും. ഒരാളെ വിളിച്ചുകഴിഞ്ഞാൽ സിം കാർഡ് നശിപ്പിക്കും. ഇതാണ് തട്ടിപ്പുകാരുടെ രീതി.
മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ വ്യാജ പേരിലാണ് ഇവർ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത്.മരിച്ചുപോയവരുടെ പേരിലും നിരവധി അക്കൗണ്ടുകളുണ്ടെന്ന് കേരളാ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പണം പിൻവലിച്ച അക്കൗണ്ടുകൾ തേടി പോലീസ് എത്തിയപ്പോഴാണ് പലതും വ്യാജ അക്കൗണ്ടുകളാണെന്ന് വ്യക്തമായത്. മൊബൈൽ ബാങ്കിംഗ് മുഖേന അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റിയാലുടൻ എടിഎം വഴി തുക പിൻവലിക്കുകയാണ് പതിവ്.
ആര് വിളിച്ചാലും ഒടിപി നന്പർപറഞ്ഞുകൊടുക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്
കോട്ടയം; മൈക്രോ ചിപ് ഘടിപ്പിച്ച എടിഎം കാർഡുകളിലേക്ക് ഇന്നു മുതൽ മാറുന്നതോടെ തട്ടിപ്പുകാർക്ക് വിളിക്കാൻ അവസരമായി. ഇന്നലെ വരെയാണ് മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ ഉപയോഗിക്കാൻ റിസർവ് ബാങ്ക് നല്കിയ സമയ പരിധി. ഇന്നു മുതൽ മൈക്രോ ചിപ് ഘടിപ്പിച്ച കാർഡുകളാവും ഉപയോഗത്തിൽ വരിക.
ഇത്തരം കാർഡുകൾ കിട്ടാത്തവർ ചിലപ്പോൾ തട്ടിപ്പുകാരുടെ കെണിയിൽ വീഴാൻ സാധ്യതയുണ്ട്. അതിനാൽ കാർഡ് മാറുന്ന വിവരത്തിന് ആര് വിളിച്ചാലും ഒടിപി നന്പർ പറഞ്ഞുകൊടുക്കരുതെന്ന് പോലീസ് നിർദേശിച്ചു. മൈക്രോചിപ് ഘടിപ്പിച്ച കാർഡ് ലഭിക്കുന്നതിന് ബാങ്കിൽ അപേക്ഷ നല്കിയാൽ മതി.
ഇതിന്റെ പേരിൽ ബാങ്കുകാർ വിളിക്കുകയില്ല. ഒടിപി നന്പരും ചോദിക്കില്ല. വിളിക്കുന്നത് തട്ടിപ്പുകാരാണെന്ന് തിരിച്ചറിഞ്ഞ് വിവേക പൂർവം പ്രവർത്തിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.