തൃശൂർ: ജീവിതം വീൽചെയറിൽ ഒതുങ്ങിയ ആയിരങ്ങൾക്കു നവ്യാനുഭവം സാമ്മാനിച്ച് ഡിജെ സംഗീത വിരുന്നും ചമയപ്രദർശനമായി ആൽഫയുടെ പുതുവത്സരാഘോഷം. അയ്യന്തോൾ കർഷകനഗർ മൈതാനത്ത് ആൽഫ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുനർജനി കാരുണ്യസംഗമമാണ് വീൽ ചെയറിലായ ആയിരക്കണക്കിനു പേർക്ക് ഒന്നിച്ചുചേർന്ന് പുതുവത്സരാഘോഷത്തിന്റെ ആവേശം ഉൾക്കൊള്ളാൻ അവസരമൊരുക്കിയത്.
തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം, പുലിക്കളി ചമയപ്രദർശനം, വെടിക്കെട്ട് സാമഗ്രികളുടെ പ്രദർശനം, ഡിജെ സംഗീതവിരുന്ന് എന്നിവയോടെയായിരുന്നു പുതുവത്സരാഘോഷം. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെയും സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിന്റെയും സഹകരണത്തോടെയാണ് പുനർജ്ജനി കാരുണ്യ സംഗമം സംഘടിപ്പിച്ചത്.
രോഗങ്ങളും അപകടങ്ങളും ശരീരം തളർത്തിയവരെ ആഘോഷങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനും സമൂഹത്തിലേക്ക് ഇറങ്ങാൻ തങ്ങൾക്കാവുമെന്ന തിരിച്ചറിവ് ഉണ്ടാക്കാനും വേണ്ടിയായിരുന്നു ആൽഫ പാലിയേറ്റീവ് കെയർ തങ്ങളുടെ പരിചരണത്തിലുള്ള ആയിരത്തിലധികം രോഗബാധിതരെയും കുടുംബാംഗങ്ങളെയും സന്നദ്ധപ്രവർത്തകരെയും ഒന്നിപ്പിച്ച സംഗമം നടത്തിയത്.
മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പുതുവർഷത്തിൽ നടക്കുന്ന സ്റ്റുഡന്റ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കോണ്‍ഫറൻസിന്റെ ലോഗോ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ അധ്യക്ഷനായി.
അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിക്കും സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിനുമുള്ള ഉപഹാരങ്ങൾ വി.ആർ.സുനിൽകുമാർ എംഎൽഎ വിതരണം ചെയ്തു. കെ.രാജൻ എംഎൽഎ, മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, പത്മശ്രീ. ഡോ. ടി.എ. സുന്ദർമേനോൻ, ഡോ. കെ.കെ. മോഹൻദാസ്, ഷീബ അമീർ, പ്രഫ. പി.ഭാനുമതി, കൗണ്‍സിലർമാരായ വത്സല, പ്രസാദ്, പ്രഫ.വി.ജി. തന്പി, സംവിധായകൻ ടോം ഇമ്മട്ടി തുടങ്ങിയവർ പങ്കെടുത്തു.
അയ്യന്തോൾ പുലിക്കളി സംഘാടകസമിതി പ്രസിഡന്റ് സുനിൽഘോഷ് സ്വാഗതവും ആൽഫ പാലിയേറ്റീവ് കെയർ ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ നന്ദിയുംപറഞ്ഞു.