സ്വന്തം ലേഖകൻ
ചൊവ്വൂർ/തൃശൂർ: പുതുവർഷ പുലരിയിൽ ചൊവ്വൂരിലെ മരകന്പനിയിൽ വൻ തീപിടിത്തം. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് ചൊവ്വൂർ സെന്റ് ആന്റണീസ് സോമിൽസിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ വെളിച്ചവും ശബ്ദവും കേട്ട് എഴുനേറ്റ അൽവാസികളാണ് തീപിടിത്തം ആദ്യം കണ്ടത്.
പുതുവത്സാഘോഷവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ പ്രദേശത്തുണ്ടായിരുന്നു. തീപിടിത്തമുണ്ടായത് അറിഞ്ഞ് അവരും സ്ഥലത്തെത്തിയെങ്കിലും മരക്കന്പനിയുടെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ ആർക്കും അകത്ത് കടക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചേർപ്പ് പോലീസും അഗ്നിശമന സേനയും എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിൽനിന്നുമെത്തിയ അഗ്നിശമനസേനകളാണ് തീയണച്ചത്. തൃശൂരിൽ നിന്ന് മൂന്നും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടും യൂണിറ്റുകളടക്കം അഞ്ച് യൂണിറ്റുകൾ അഞ്ചുമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. മരക്കന്പനിയിലേക്ക് കടക്കാനുള്ള വഴിയിൽ തടികൾ കൂട്ടിയിട്ടിരുന്നതിനാൽ ഫയർ എൻജിനുകൾക്ക് മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും തീയണക്കാൻ വൈകിയതിന് ഇത് കാരണമായെന്നും തൃശൂർ ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.
പറന്പിന് തീപിടിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടിത്തത്തിന്റെ കാരണമായി കരുതുന്നത്. പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തടി മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കത്തിനശിച്ചു. ആളപായമില്ല.