സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ലഹരിയ്ക്ക് അടിമകളായി ജീവിതം നശിപ്പിക്കുന്നു! നാട്ടിലെ പണിയില്ലാത്ത യുവാക്കള്‍ക്ക് പണി കൊടുത്ത്, പോലീസും എക്‌സൈസും; കഞ്ചാവില്‍ നിന്ന് പഠന ലഹരിയിലേക്കുള്ള യുവാക്കളുടെ നീക്കം ഇങ്ങനെ

അല്ലറചില്ലറ ആരോപണങ്ങളൊക്കെ കേള്‍ക്കാറുണ്ടെങ്കിലും നാടിനെ സംരക്ഷിക്കാനും തിരുത്താനുമുള്ള കേരളാ പോലീസ് നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫേസ്ബുക്കിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പോലീസ് നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കൂടാതെ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും കേരളാ പോലീസും.

ലഹരിക്ക് അടിമകളായ യുവാക്കളെ കണ്ടുപിടിച്ച് ഓടിച്ചിട്ട് പിടിച്ച് ‘പണി’ കൊടുക്കുന്നതാണ് ഇപ്പോള്‍ പോലീസിന്റെ പ്രധാന പരിപാടി. കള്ളത്തരം കാണിച്ച് മുങ്ങി നടന്ന യുവാക്കളെ ഒന്നാകെ ‘കസ്റ്റഡിയിലെടുത്ത്’ പിഎസ്‌സി ക്ലാസിലേക്ക് അയച്ചിരിക്കുകയാണ് നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്.

ഈ പ്രദേശങ്ങളില്‍ യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് പതിവായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിയുടെ ഉപയോഗം പോലീസ് കണ്ടെത്തിയത്. ഇതിന് ശേഷമാണ് പോലീസ് നടപടി എടുത്ത് തുടങ്ങിയത്. എന്നാല്‍ ഇവര്‍ക്ക് ശിക്ഷ എന്തു കൊടുത്തിട്ടും കാര്യമില്ല, എന്നാല്‍ പഠിക്കാന്‍ വിട്ടാല്‍ അത് ഉപകാരമാകും എന്നാണ് പോലീസുകാരുടെ വിലയിരുത്തല്‍. പിന്നീടാണ്, നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിഎല്‍ ഷിബുവിന്റെ നേതൃത്വത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ ആലോചിച്ചത്.

കോളനിയിലെ യുവാക്കള്‍ പത്താം ക്ലാസ്സ് കഴിഞ്ഞ് വെറുതെ നടക്കുകയാണെന്ന് മനസ്സിലാക്കിയിട്ടാണ് പോലീസ് ഇത്തരത്തില്‍ ശിക്ഷ നല്‍കിയത്. ‘വിമുക്തി മിഷന്റെ’ ഭാഗമായി സൗജന്യ പിഎസ്സി പരീക്ഷാ പരിശീലന ക്ലാസ്സാണ് നടക്കുന്നത്. എല്ലാ ഞായറാഴ്ചയും രണ്ടു മുതല്‍ വൈകിട്ട് നാലുവരെ ഞാറനീലിയിലാണു പരിശീലനം. പരിശീലന പദ്ധതിയുടെ പേര് ‘തൊഴിലാണ് എന്റെ ലഹരി’. ലഹരിക്കു പകരം പഠന ലഹരി പകര്‍ന്നപ്പോള്‍ ആരംഭത്തില്‍ 93 പേര്‍ ക്ലാസിനെത്തി. ഇപ്പോഴത് 130 പേരായി. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് എക്സൈസിലെ ജീവനക്കാര്‍ തന്നെയാണ്.

തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിഎസ്സി കോച്ചിങ് സെന്റര്‍ ഏകദേശം 40,000 രൂപ വിലവരുന്ന റാങ്ക് ഫയലുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പിഎസ്സി ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തി. തൊഴിലവസരങ്ങള്‍ കണ്ടെത്തി അതിന് അപേക്ഷ നല്‍കാന്‍ സഹായിച്ചു. ഇരഞ്ചിയം ഗിരിവര്‍ഗ സൊസൈറ്റി ഹാള്‍ വാടകയ്ക്ക് എടുത്താണ് ക്ലാസ് നടത്തി വരുന്നത്. കോളനിയില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി വിമുക്തി ഡിഅഡിക്ഷന്‍ കേന്ദ്രത്തില്‍ സൗജന്യ ചികിത്സ നല്‍കാനും എക്സൈസ് നടപടി തുടങ്ങിയിട്ടുണ്ട്.

Related posts