തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണ സന്ദേശവുമായി വനിതാ മതിൽ ഉയർന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരത്തു വെള്ളയമ്പലം വരെ ദേശീയപാതയിലൂടെ 620 കിലോമീറ്റർ ദൈർഘ്യമുള്ള വനിതാമതിലാണ് ഉയർന്നത്. തോളോടുതോൾ ചേർന്നു ലക്ഷക്കണക്കിന് വനിതകളാണ് സംസ്ഥാന സർക്കാരിന്റെ വനിതാ മതലിൽ പങ്കാളികളായത്.
ദേശീയപാതയിൽ റിഹേഴ്സലിന് ശേഷമാണ് വനിതാ മതിൽ തീർത്തത്. മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി റോഡിന്റെ ഇടതുവശത്തു സ്ത്രീകൾ അണിനിരന്നു. പതിനഞ്ചു മിനിറ്റ് ആണ് മതിൽ നിൽക്കുക. ഇതിനുശേഷം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം നടക്കും.
വനിതാ മതിലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനും മന്ത്രിമാരും വെള്ളയമ്പത്ത് അണിചേർന്നു. മന്ത്രി കെ.കെ.ശൈലജ ആദ്യ കണ്ണിയും ബൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രവർത്തകരും ചലച്ചിത്ര നടിമാരും അടക്കം നിരവധി പേർ പിന്തുണയുമായി എത്തിയിട്ടുണ്ട്.
വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മതിൽ ഇല്ല. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയുള്ള ദേശീയപാതയിലാണ് വനിതാമതിൽ ഉയർന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ വനിതാമതിൽ തീർക്കുന്ന ജില്ലകളിലേക്ക് എത്തിക്കുകയായിരുന്നു.