കോതമംഗലം: ഊന്നുകലിനു സമീപം നമ്പൂരിക്കൂപ്പ് കാപ്പിച്ചാലില്‍ വീട്ടമ്മ പട്ടാപ്പകൽ മക്കളുടെ മുന്നിൽ വെട്ടേറ്റു മരിച്ചു. കാപ്പിച്ചാല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആമക്കാട്ട് സജി ആന്റണിയുടെ ഭാര്യ പ്രിയ (38) ആണു കഴുത്തിനു വെട്ടേറ്റു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ടു ഭർത്താവ് സജിയെ (42) പോലീസ് തെരയുന്നു. ഇയാൾ ഒളിവിലാണ്. സംശയത്തിന്റെ പേരിലാണു കൊലപാതകം നടന്നതെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. കെട്ടിട നിർമാണ തൊഴിലാളിയാണു സജി. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തി സ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു.
പ്രിയയുടെ കഴുത്തിനു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീടിന്റെ അടുക്കള ഭാഗത്തു വച്ചാണു വെച്ചേറ്റത്. അച്ഛന് അമ്മയെ വാക്കത്തിക്കു വെട്ടുന്നതു കണ്ടു മക്കളായ എബിനും (12), ഗോഡ്വിനും (10) ഉറക്കെ നിലവിളിച്ചു പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു.
അമ്മയെ അപ്പന് വാക്കത്തിക്കു വെട്ടുന്നു രക്ഷിക്കണേയെന്നു ഗോഡ്വിൻ 200 മീറ്റര്‍ മാറിയുള്ള അയൽവീട്ടിലെത്തി അപേക്ഷിച്ചതായും പറയുന്നു. വീട്ടുകാർ ചിലരെക്കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ രക്തംവാര്‍ന്ന് ചലനമറ്റു കിടക്കുന്ന പ്രിയയെയാണു കണ്ടത്.
സംഭവമറിഞ്ഞു തടിക്കുളം ഭാഗത്തു താമസിക്കുന്ന പ്രിയയുടെ അച്ഛൻ വയലിൽ ഔസേഫും സഹോദരന് പ്രജുലും സ്ഥലത്തെത്തിയാണു പ്രിയയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീടു കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പ്രിയ ഊന്നുകല്‍ ടൗണില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവരുടേതു പ്രണയവിവാഹമായിരുന്നു.
റൂറല്‍ എസ്പി രാഹുല്‍ ആര്. നായര്‍, ഡിവൈഎസ്പി കെ. ബിജുമോന്, ഊന്നുകല്‍ എസ്ഐ എല്‍. നിയാസ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇന്നു പോലീസ് സര്ജന് പോസ്റ്റ്മോര്‍ട്ടം നടത്തും.