നിയാസ് മുസ്തഫ
കോട്ടയം: മുസ്ലിം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്കെതിരേ മന്ത്രി കെ.ടി. ജലീൽ നടത്തുന്നത് സിപിഎം നൽകിയ അപ്പക്കഷണം തിരിച്ചെടുക്കുമോയെന്ന വെപ്രാളം കൊ ണ്ടുള്ളതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിൻ ഹാജി രാഷ്ട്രദീപികയോട് പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും നേതാക്കളെ സമീപിച്ച മാധ്യമ പ്രവർത്തകരോട് വനിതകൾ പൊതുരംഗത്തേക്ക് വരുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക നിലപാട് സമസ്ത നേതാക്കൾ വ്യക്തമാക്കിയതാണ് മന്ത്രി കെ.ടി ജലീലിനെ ചൊടിപ്പിച്ചത്.
മതത്തിനൊരു മതിലുണ്ടെന്നും അതിനപ്പുറം നിൽക്കാൻ വിശ്വാസികൾക്കാവില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞിരുന്നു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും ഇക്കാര്യം തന്നെ പറഞ്ഞു. പ്രത്യേകം ഒരുപരിപാടിക്കെതിരെയല്ല, വനിതകളെ രംഗത്തിറക്കുന്നതുമായി ബന്ധപ്പെട്ട ഇസ്ലാമിക നിലപാടാണ് സമസ്ത നേതാക്കളെല്ലാം അഭിമുഖങ്ങളിൽ പ്രത്യേകം എടുത്തുപറഞ്ഞത്. എന്നാൽ സമസ്തയുടെ ഈ നിലപാടിനെതിരേ മന്ത്രി കെ.ടി ജലീലും എ.സി മൊയ്തീനും രംഗത്തു വന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിഷിദ്ധമെന്നു മതവിധി പ്രഖ്യാപിച്ചിട്ടും അതിനു പുല്ലുവില പോലും കൽപിക്കാതെയാണ് വനിതാ മതിൽ സംഘടിപ്പിച്ചതെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞിരുന്നു. മലപ്പുറത്ത് വനിതാമതിലിനെ അഭിസംബോധനം ചെയ്തു നടത്തിയ പ്രസംഗത്തിൽ ലീഗിന്റെ കുഴലൂത്തുകാരാണ് സമസ്തയെന്നും കെ.ടി ജലീൽ ആക്ഷേപിച്ചു. ലീഗ് എതിരായതിനാലാണ് സമസ്ത വനിതാമതിലിനെ എതിർക്കുന്നതെന്നും വനിതാ മതിലിനെതിരേ നടന്ന വനിതാ സംഗമത്തെ അവർ എതിർത്തിരുന്നില്ലെന്നും മതസംഘടനകൾ രാഷ്ട്രീയത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും കെ.ടി. ജലീൽ പറഞ്ഞിരുന്നു.
എന്നാൽ, ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി കെ.ടി ജലീലിന്റെ നിലപാടിനെതിരേ ശക്തമായി രംഗത്തുവന്നി രിക്കുകയാണ്. രാഷ്ട്രീയത്തിൽ ഇടപെടുന്ന വിവിധ മതസംഘടനകളുണ്ട്. അവരെക്കുറിച്ച് കെ.ടി ജലീൽ ഇതുവരെയും ഒന്നും പറഞ്ഞുകേട്ടിട്ടില്ല. ഇസ്ലാം മതത്തിലെ വളരെ പ്രാമാണികവും പരിപാവനവുമായ മതസംഘടനയാണ് സമസ്ത. ഇന്നുവരെ രാഷ്ട്രീയ കാര്യത്തിൽ സമസ്ത കേരളത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല.
ഇസ്ലാം മതവുമായി ബന്ധപ്പെട്ട കാര്യത്തിൽ അവർ അഭിപ്രായം പറയാറുണ്ട്. ഇസ്ലാമിൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബലപ്പെട്ട നിർദേശങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സമസ്ത അഭിപ്രായം പറയുന്നത്.
സിപിഎം വച്ചു കൊടുക്കുന്ന അപ്പക്കഷണം വായിൽനിന്ന് സിപിഎം തട്ടിപ്പറിക്കുമോയെന്ന വെപ്രാളം കൊണ്ടാണ് ജലീൽ സമസ്തയ്ക്കെതിരേ രംഗത്തുവന്നത്.
കെ.ടി. ജലീലിന്റെ സ്വജനപക്ഷപാതവും അഴിമതിയും കണ്ട് കേരളീയ സമൂഹം അന്ധാളിച്ചു നിൽക്കുന്ന ഒരു സാഹചര്യത്തിൽ തനിക്കെതിരേ ഉയർന്നുവന്ന വിമർശനങ്ങളിൽ നിന്ന ്ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് കെ.ടി ജലീൽ നടത്തുന്നത്. സമസ്തയ്ക്കെതിരേയുള്ള ജലീലിന്റെ വാക്കുകൾ കേരളീയ സമൂഹം തള്ളിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇതുസംബന്ധിച്ച് ഒരു ചർച്ചയും ഉയർന്നു വരാതിരുന്നത്.-എം.സി മായിൻ ഹാജി രാഷ്ട്ര ദീപികയോട് പറഞ്ഞു.