അന്പലപ്പുഴ: വനിതാ മതിലിനു വേണ്ടി തൊഴിലുറപ്പിൽ ജോലി ചെയ്യാതെ മസ്ട്രോളിൽ ഒപ്പിടാൻ എത്തിയതിനെ ചോദ്യം ചെയ്ത ബിജെപി വനിതാ പഞ്ചായത്തംഗത്തെ പ്രാദേശിക നേതാക്കൾ മർദ്ദിച്ചതായി പരാതി. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പുത്തൻ പറന്പിൽ ബിന്ദു ഷാജിയെയാണ് പ്രാദേശിക നേതാക്കൾ അക്രമിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ ബിന്ദുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ആയിരുന്നു സംഭവം. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തിരുന്നവർ വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് ബിന്ദു അറിയിച്ചിരുന്നു.
എന്നാൽ വനിതാ മതിലിൽ പങ്കെടുത്ത ശേഷം ഒരു സംഘം സിപിഎം വനിതാ പ്രവർത്തകർ മസ്റ്റ്റോളിൽ ഒപ്പിടാൻ എത്തിയത് ബിന്ദു അനുവദിക്കാതിരുന്നതോടെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മർദിക്കുകയായിരുന്നെന്ന് ബിന്ദു ഷാജി അന്പലപ്പുഴ പോലീസിൽ പരാതി നൽകി.