മലപ്പുറം: ഇത്തവണ ശബരിമല കയറാൻ ഉറപ്പിച്ചാണ് പോലീസ് സഹായത്തോടെ കനകദുർഗ കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞതെന്നു സൂചന. വീട്ടുകാർ കാണാനില്ലെന്നു പരാതി നൽകിയ അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പോലീസ് ഒത്താശയോടെ മുൻകൂട്ടിആസൂത്രണം നടത്തിയാണ് ഇത്തവണ മലകയറാൻ ഒരുങ്ങിയതെന്നാണ് വിവരം.
വീട്ടിൽ തിരിച്ചെത്താതായതോടെ കനകദുർഗയുടെ ബന്ധുക്കൾ പോലീസിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം നൽകാതെ പോലീസ് ഉന്നതർ ഉരുണ്ടുകളിക്കുകയായിരുന്നു. ബന്ധുക്കൾ പരസ്യമായി രംഗത്തെത്തിയതോടെ ഫെയ്സ്ബുക്ക് ലൈവിലൂടെ കനകദുർഗ സുഹൃത്തിന്റെ അടുത്തുണ്ടെന്നറിയിച്ചു. വീണ്ടും മലകയറാൻ പോലീസ് എല്ലാവിധസഹായവും നൽകാമെന്നു പറഞ്ഞതോടെ കനകദുർഗ വീട്ടിലേക്ക് മടങ്ങാതെ തയാറെടുപ്പുകൾ നടത്തുകയായിരുന്നു.
ആദ്യതവണ പോലീസ് സുരക്ഷ ആവശ്യപ്പെടാതെ ശബരിമല ദർശനത്തിന് പുറപ്പെടുകയും സന്നിധാനത്തിന് ഒന്നേക്കാൽ കിലോമീറ്റർ അടുത്തുവരെ എത്തുകയും ചെയ്ത ശേഷം പോലീസ് ഇവരെ മടക്കിയയക്കുകയായിരുന്നു. 24ന് രാവിലെ ആറേകാലോടെ മലകയറിയ കനകദുഗർഗയും സുഹൃത്തും നീലിമല കടന്നതോടെയാണ് പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപെട്ടത്. കൂടുതൽ പോലീസെത്തിയെങ്കിലും അപ്പാച്ചിമേട്ടിലെത്തിയപ്പോൾ ഭക്തർ ശരണം വിളികളുമായി ഇവരെ തടയുകയായിരുന്നു.
അപ്പാച്ചിമേട് മുതൽ മരക്കൂട്ടം വരെയുള്ള 300 മീറ്റർ ദൂരത്തിനിടെ അഞ്ചിടങ്ങളിലാണ് പ്രതിരോധത്തെ നേരിടേണ്ടി വന്നത്. ചന്ദ്രാനന്ദൻ റോഡ് പകുതിയെത്തിയപ്പോൾ പ്രതിഷേധക്കാരെ മറികടക്കാനാവാതെ വന്നു. തുടർന്ന് യുവതികളെ കസേരയിലിരുത്തി പോലീസും ദ്രുതകർമ്മ സേനയും സ്ട്രൈക്കർ ഫോഴ്സും നിലയുറപ്പിച്ചെങ്കിലും ഒരടി പോലും മുന്നോട്ടു പോകാനായില്ല. മല തിരിച്ചിറങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന സാഹചര്യത്തിൽ പോലീസ് തിരികെ പോകാൻ യുവതികളോട് ആവശ്യപ്പെടുകയായിരുന്നു.
മല ഇറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനക ദുർഗയെ ഡോളിയിൽ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ ടിവി ചാനലിലും മറ്റും കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്. സപ്ലേകോ ജീവനക്കാരിയായ കനകദുർഗ തിരുവനന്തപുരത്ത് മീറ്റിംഗിന് എന്ന് പറഞ്ഞാണ് ഡിസംബർ 21ന് വീട്ടിൽ നിന്ന് ഇറങ്ങിയത്.
കനകദുർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ സഹോദരൻ കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്ക് പോകാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. മാത്രമല്ല കനക ദുർഗയെ പോലീസ് ബന്തവസിൽ മലപ്പുറം ജില്ലയിൽ എത്തിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഡിസ്ചാർജ് ചെയ്ത കനകദുർഗയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് സഹോദരി എസ്പിയെ ഫോണിൽ വിളിച്ചു.
കനകദുർഗയെ കോഴിക്കോട്, കണ്ണൂർ, തലശ്ശേരി എന്നീ സ്ഥലങ്ങളിലൊന്നിൽ എത്തിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ എസ്പിയുമായി ബന്ധിപ്പെടുത്തിതരാമെന്നുമായിരുന്നു മറുപടി. എന്നാൽ ദിവസങ്ങളോളം ഇതുസംബന്ധിച്ച് പ്രതികരണമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല കനകദുർഗയുടെ ബന്ധുക്കളുടെ ഫോണ് കോട്ടയം എസ്പി അറ്റന്റ് ചെയ്യുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. കനകദുർഗയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും അവരെ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.